‘എമ്പുരാൻ, സർസമീൻ’ എന്നീ രണ്ടു ചിത്രങ്ങളാണ് ഈ വർഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയത്. കഴിഞ്ഞവർഷവും ആടുജീവിതം, ഗുരുവായൂരമ്പല നടയിൽ എന്നീ രണ്ട് സിനിമകൾ മാത്രമാണ് പുറത്തിറങ്ങിയത്. എന്നാൽ ഇപ്പോഴിതാ പൃഥ്വിരാജിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ‘വിലായത്ത് ബുദ്ധ, ഐ നോബഡി, ഖലീഫ, ദായ്റ, സന്തോഷ് ട്രോഫി, ഓപ്പറേഷൻ കംബോഡിയ, എസ്എസ്എംബി 29 എന്നീ ചിത്രങ്ങളാണത്.
ജി.ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’ അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രം കൂടിയായിരുന്നു. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും സിനിമയെന്നാണ് വിലായത്ത് ബുദ്ധയുടെ ടീസർ നൽകുന്ന സൂചന. മറയൂരിലെ ചന്ദന കടത്തും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉർവ്വശി തീയേറ്റേഴ്സിഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്ന് നിന്റെ മൊയ്ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഐ നോബഡി’. മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. അശോകന്, മധുപാല്‍, ഹക്കിം ഷാജഹാന്, ലുക്മാന്, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഖലീഫ.’ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചന. ജിനു വി എബ്രഹാമിനൊപ്പം സുരാജ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 2010 ല്‍ പുറത്തെത്തിയ പോക്കിരിരാജ ആയിരുന്നു ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച ചിത്രം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജന്റെ വേഷമായിരുന്നു പൃഥ്വിരാജിന്.
കരീന കപൂറിനൊപ്പം ബോളിവുഡിൽ
കരീന കപൂർ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ദായ്റ’. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ പ്രിത്വിരാജ് എത്തുന്നത്. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങീ മികച്ച സിനിമകൾ സമവിധാനം ചെയ്ത് മേഘ്ന ഗുൽസാറിന്റെ ഈ ചിത്രവും പ്രതീക്ഷ നൽകുന്നതാണ്.
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം ‘സന്തോഷ് ട്രോഫി’യുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. “ഗുരുവായൂരമ്പലനടയിൽ” എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്.
തരുൺ മൂർത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. ഒപ്പറേഷൻ കംമ്പോഡിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി, ദീപക് വിജയൻ തുടങ്ങിയവരുംപ്രധാന വേഷത്തിൽ എത്തും. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്. പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസ് ആയിരുന്നു തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം.
എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എമ്പുരാൻ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മല്ലിക സുകുമാരനും ഈ റിപ്പോര്‍ട്ടുകള്‍ ശരിവച്ചിരുന്നു.