കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായ് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പൃഥ്വിരാജിന്റെ രസകരമായ തമാശ കേട്ട് സദസ്സ് ഒന്നാകെ ചിരിച്ചത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന് മുന്നോടിയായി ഇത്തരം ചടങ്ങ് നടത്തുന്നത് തന്നെ തന്റെ തമാശകള്‍ പറയാനാണെന്നും, കൃത്യമായ പരിശീലനത്തിന് ശേഷമാണ് ഇതെല്ലാം നടക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. സംവിധായകന്‍ ഷാജോണ്‍ തന്നോട് ചിത്രത്തിന്റെ കഥ മിമിക്രിയിലൂടെ അവതരിപ്പിച്ച് ഫലിപ്പിച്ച രംഗവും പൃഥ്വി ചെയ്ത് കാണിച്ചു. മിമിക്രി താരങ്ങളെല്ലാം തന്നെ തന്നെ വെച്ചാണ് ആദ്യ സിനിമ സംവിധാനം ചെയ്തതെന്ന കാര്യവും അദ്ദേഹം സംസാരത്തില്‍ സൂചിപ്പിച്ചു. സംസാരത്തിലുടനീളം നര്‍മ്മം കലര്‍ത്തിയ പൃഥ്വിയ്ക്ക് അതേ ആവേശമാണ് കാഴ്ച്ചക്കാര്‍ തിരിച്ചു നല്‍കിയത്.
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് പങ്കുവച്ച വാര്‍ത്തയായിരുന്നു കലാഭവനില്‍ നിന്ന് മറ്റൊരാള്‍കൂടി സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്നത്. കോമഡി, ആക്ഷന്‍, റൊമാന്‍സ്, ഇമോഷന്‍ അങ്ങനെ എല്ലാ ചേരുവകളും ചേര്‍ന്നതാണ് ചിത്രം.തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ധനുഷ് പാട്ടൊരുക്കിയെന്ന പ്രത്യേകതയും ബ്രദേഴ്‌സ് ഡേയ്ക്കുണ്ട്. ഓണചിത്രമായി ബ്രദേഴ്‌സ് ഡേ തിയറ്ററുകളിലെത്തും.