
നടൻ കലാഭവൻ മണിയുടെ പേരിലുള്ള കലാഭവന്‍ മണി പുരസ്‌കാരം പ്രമോദ് വെളിയനാടിന്. മാടന്‍ മോക്ഷം എന്ന നാടകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ന് ചാലക്കുടിയില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കുന്നിശ്ശേരി കലാഭവന്‍ മണി കുടുംബ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. മാര്‍ച്ച് 6 ന് രാവിലെ 10 മണിക്ക് കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ പ്രിയനന്ദൻ പുരസ്‌കാരം കൈമാറും.
അവാര്‍ഡ് മറ്റൊരു ജനപ്രിയ നടന് സമ്മാനിക്കുന്നതില്‍ ഏറെ അഭിമാനമെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. പ്രമോദിനെ അവാര്‍ഡിന് അര്‍ഹമാക്കിയ നാടകത്തെ കുറിച്ച് കഴിഞ്ഞ ദിവസം ആര്‍എല്‍വി രാമകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. നാടകം കണ്ട് പൊട്ടിചിരിച്ചപ്പോഴും ചില നിമിഷങ്ങള്‍ കണ്ണുനീര്‍ സമ്മാനിച്ചെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ജാതി പറയുകയല്ലെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ദളിത് ചോരയുള്ള കലാകാരനേ കഴിയൂവെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നാടകത്തിലെ അഭിനേതാക്കളെ പ്രശംസിച്ചു കൊണ്ട് ഫേസ്ബുക്കിലാണ് ഇദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നത്.