
ജോർജ് സാർ എന്ന പേര് കേൾക്കുമ്പോൾ തനിക്കിപ്പോൾ അസ്വസ്ഥതയാണുണ്ടാകുന്നതെന്ന് തുറന്നു പറഞ്ഞ് നടനും, പരസ്യ സംവിധായകനുമായ പ്രകാശ് വർമ. വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കുകയാണെന്നും, പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമാണെന്നും പ്രകാശ് വർമ്മ പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോർജ് സാർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഞാനിപ്പോൾ അസ്വസ്ഥനാകും. പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമൊക്കെ തന്നെയാണ്.നമ്മൾ ചെയ്ത വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കുകയാണ്. അതിന്റെ അർഥം എവിടെയോ ആ കഥാപാത്രം വർക്കായി എന്നാണ്.’ പ്രകാശ് വർമ്മ പറഞ്ഞു.
‘പരസ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ജോലികൾക്കിടയിൽ എനിക്ക് പറ്റാവുന്ന പ്രൊജക്ടുകളെ ഞാൻ ചെയ്യുന്നുള്ളൂ. അതിലൊന്ന് തിരഞ്ഞെടുക്കാനുള്ള കാരണം അതിൻ്റെ സംവിധായകൻ രഞ്ജിത്തായതുകൊണ്ടാണ്. അസാധ്യ എഴുത്തുകാരനാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്. ഇതൊരു സാധാരണ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല. എനിക്ക് വ്യത്യസ്തമായി പെർഫോം ചെയ്യാനുള്ള ഇടം രഞ്ജിയേട്ടൻ അതിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ അത്രയേ പറയാൻ കഴിയൂ.’ പ്രകാശ് വർമ കൂട്ടിച്ചേർത്തു.
തുടരും എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ വില്ലൻ കഥാപാത്രമായിട്ടായിരുന്നു പ്രകാശവർമ്മയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ ജോർജ് സാർ എന്ന വില്ലൻ കഥാപാത്രത്തെ, നായകനായ മോഹൻലാലിനെ പോലും നിഷ്പ്രഭനാക്കുന്ന തരത്തിലാണ് പ്രകാശ് വർമ അവതരിപ്പിച്ചത്. ജോർജ് സാർ എന്നാണ് അതിനുശേഷം പ്രകാശ് വർമയെ പലരും വിളിക്കുന്നത്.