
ബോളിവുഡ് സിനിമകൾ പ്ലാസ്റ്റിക്ക് പോലെയാണെന്ന് വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്, മലയാളം സിനിമകൾ ഹിന്ദി സിനിമയേക്കാൾ വളരെ മികച്ചതാണെന്നും, ഹിന്ദി സിനിമയ്ക്ക് തന്റെ വേരുകൾ നഷ്ടപ്പെട്ടുവെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു താരം.
“ഇന്നത്തെ സാഹചര്യത്തിൽ മലയാളവും തമിഴും സിനിമകൾ വളരെ ശക്തമായ ചിത്രങ്ങൾ നിർമ്മിക്കുന്നു. മറുവശത്ത്, ഹിന്ദി സിനിമയ്ക്ക് തന്റെ വേരുകൾ നഷ്ടപ്പെട്ടു. കാണുമ്പോൾ ബോളിവുഡ് സിനിമകൾ അതിമനോഹരമാണ്, പക്ഷേ പ്ലാസ്റ്റിക് പോലെയാണത്. മാഡം ടുസാഡ്സ് മ്യൂസിയത്തിൽ കാണുന്നതുപോലെ. ബോളിവുഡിനെ അപേക്ഷിച്ച് ഇവിടെ ഒരുപാട് കഥകൾ ഉണ്ട്. തമിഴിലെ പുതിയ യുവ സംവിധായകർ ദളിത് വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതാണ് എനിക്ക് വലിയ പ്രതീക്ഷ നൽകുന്നത്.” പ്രകാശ് രാജ് പറഞ്ഞു.
“മൾട്ടിപ്ലക്സുകൾ വന്നതോടെ ബോംബെ സിനിമാ വ്യവസായം മൾട്ടിപ്ലക്സുകൾക്കായി മാത്രമുള്ള സിനിമകൾ ചെയ്യാൻ തുടങ്ങി. ജനപ്രിയ സിനിമകളിൽ നിന്ന് മാറി ‘പേജ് 3 സംസ്കാരത്തിലേക്ക്’ മാറി, രാജസ്ഥാനിലെയും ബീഹാറിലെയും ഗ്രാമപ്രദേശങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഹിന്ദി സിനിമ അതിന്റെ മതേതര മൂല്യങ്ങളോട് ചേർന്നുനിന്നിരുന്നു.” പ്രകാശ് രാജ് കൂട്ടിച്ചേർത്തു.