
ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ കുട്ടികളുടെ സിനിമകളെക്കുറിച്ച് ജൂറി ചെയർമാൻ പ്രകാശ് രാജ് നടത്തിയ പരാമർശത്തിനെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥൻ.’സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിലെ കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ പറഞ്ഞു.
പുരസ്ക്കാരം അർഹിക്കുന്ന എൻട്രികളൊന്നും ഇല്ലെന്ന് പറയുന്ന ലോകത്ത് അവർ തലയെടുപ്പോടെ നിൽക്കുന്നുവെന്ന് സംവിധായകൻ വിനീഷ് വിശ്വനാഥനും കുറിച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
“അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്‌താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി. സ്ഥാനാർഥി ശ്രീക്കുട്ടൻ എന്ന ചിത്രത്തിലെ കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു. ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.”ആനന്ദ് മന്മഥൻ പറഞ്ഞു.
“എല്ലാവരോടും കൂടി ഒരിക്കൽ കൂടി പറയുകയാണ്, കുട്ടികളുടെ സിനിമകളുടെ വിഭാഗത്തിൽ നമ്മുടെ സിനിമയും മത്സരത്തിന് ഉണ്ടായിരുന്നു. അർഹിക്കുന്ന എൻട്രികളൊന്നും ‘ബെസ്റ്റ് ചൈൽഡ് ആക്ടർ’ വിഭാഗത്തിൽ ഇല്ലെന്ന ലോകത്ത്, അവർ തലയെടുപ്പോടെ നിൽക്കുന്നു. ” വിനീഷ് കുറിച്ചു.
ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒരു ചിത്രത്തെയും ബാലതാരമായി ആരെയും ജൂറി പരിഗണിച്ചിരുന്നില്ല.
ബാലതാരങ്ങളുടെ വിഭാഗത്തിൽ പരിഗണിക്കാൻ അർഹമായ എൻട്രികളൊന്നും വന്നില്ല എന്നായിരുന്നു പ്രകാശ് രാജിൻ്റെ പ്രസ്‌താവന.