
‘ബാഹുബലി’ ഫ്രാഞ്ചൈസി റീ റിലീസിന് മുന്നേ സംവിധായകന്‍ എസ്.എസ്. രാജമൗലി, കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസ്, റാണാ ദഗ്ഗുബതി എന്നിവർ ഒന്നിച്ച അഭിമുഖത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ. ഒരു മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള
വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.
ബാഹുബലിയെ കൊല്ലാൻ കട്ടപ്പ തയ്യാറെടുക്കുന്ന രംഗമാണ് തന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും വൈകാരികമായ സീനുകളിലൊന്നായി എസ്.എസ്. രാജമൗലി പറയുന്നത്. ബാഹുബലിയുടെ കുതിര ഓടിച്ചുകൊണ്ടുള്ള രാജകീയ വരവാണ് പ്രഭാസിന്റെ ഫേവറൈറ്റ്. തന്റെ കഥാപാത്രം കിരീടത്തിന് മുന്നിൽ നിശബ്ദമായി സത്യം ചെയ്യുന്ന ‘രക്തപ്രതിജ്ഞാ’ രംഗമാണ്. റാണാ ദഗ്ഗുബതിയുടെ ഇഷ്ട സീൻ. സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ ഒരു സീക്വന്‍സിനേപ്പറ്റിയും വീഡിയോയില്‍ മൂവരും സംസാരിക്കുന്നുണ്ട്. സംവിധായകനോട് ഈ രംഗം റിലീസ് ചെയ്യാന്‍ പ്രഭാസ് കളിയായി പറയുന്നു. ഫൈനല്‍ കട്ടില്‍ വരാത്ത ഒരു സീനിനാണ് തങ്ങള്‍ കഠിനമായി പരിശീലിച്ചതെന്ന് റാണയും തമാശയായി കൂട്ടിച്ചേർക്കുന്നുണ്ട്.
ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിംഗ്’ പുറത്തിറങ്ങി പത്ത് വർഷം തികയുന്നതിന്റെ ഭാഗമായാണ് റീ റിലീസ്. ‘ബാഹുബലി ദി എപ്പിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും.
റീ റിലീസിനായുള്ള അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ ചിത്രം റെക്കോർഡ് നേട്ടം കൈവരിച്ചു. ഇതുവരെയായി അഞ്ച് കോടി രൂപയാണ് അഡ്വാൻസ് കളക്ഷനിലൂടെ ‘ബാഹുബലി ദി എപ്പിക്’ നേടിയിരിക്കുന്നത്. 2015-ൽ ‘ബാഹുബലി: ദി ബിഗിനിംഗ്’, 2017-ൽ ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ എന്നിവ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. 4K ദൃശ്യമികവോടെയാണ് ചിത്രം ഇത്തവണ പ്രദർശനത്തിനെത്തുന്നത്.
3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമാണ് ‘ബാഹുബലി ദി എപ്പിക്’ പ്രേക്ഷകർക്കായി ഒരുക്കുന്നത്. കേരളത്തിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. നൂറിലധികം തിയേറ്ററുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ കഥ എഴുതിയത്. എം.എം. കീരവാണിയാണ് സംഗീത സംവിധായകൻ.