പവര്‍സ്റ്റാറില്‍ വില്ലനായി കന്നട താരം ശ്രേയസ്സ് മഞ്ജു

ഒമര്‍ലുലു ചിത്രമായ പവര്‍സ്റ്റാറില്‍ വില്ലനായി കന്നട യുവതാരം ശ്രേയസ്സ് മഞ്ജൂവെത്തുന്നു. സംവിധായകന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഡെന്നീസ് ജോസഫ് ഒരു ഇടവേളയ്ക്ക് ശേഷം തിരക്കഥയെഴുതുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്. ചിത്രത്തിനായി തീരുമാനിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ ലുക്കിന്റെ സ്‌കെച്ച് ഒമര്‍ പുറത്തുവിട്ടിരുന്നു.കിക്ക് ബോക്‌സിങില്‍ അഞ്ചു പ്രാവിശ്യം ലോകചാമ്പ്യനും,നാല് പ്രാവിശ്യം സപോര്‍ട്കരാട്ടെ ചാമ്പ്യനുമായ അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട് പര്‍ഹാമും പവര്‍ സ്റ്റാറിന്റെ ഭാഗമായി ഉണ്ടാകും. ആക്ഷന്‍ സീനുകള്‍ കൊറിയോഗ്രഫി ചെയാനും ഒരു ശക്തമായ വേഷം അവതരിപ്പിക്കാനും ആകും റോബര്‍ട് പര്‍ഹാം പവര്‍ സ്റ്റാറില്‍ എത്തുന്നത്. ഹോളീവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോറും ചിത്രത്തിലുണ്ട്.

ഒരുകാലത്ത് ആക്ഷന്‍ ഹീറോ ആയി ബാബു ആന്റണി തിളങ്ങിനിന്നിരുന്ന കാലത്തെ സിനിമകളിലേതിന് സമാനമായ ലുക്കാണ് ഇത്. വളര്‍ത്തിയ താടിയും തോളില്‍ നിന്ന് മുന്നിലേക്ക് കിടക്കുന്ന നീട്ടിയ മുടിയും കാതിര്‍ കടുക്കനും കൂളിംഗ് ഗ്ലാസുമൊക്കെ ചേരുന്നതാണ് കഥാപാത്രത്തിന്റെ ലുക്ക്. തന്റെ ആരാധകരുടെ ഇഷ്ടം മാനിച്ചാണ് ഒമര്‍ ലുലു ഈ ലുക്ക് അന്തിമമായി തീരുമാനിച്ചിരിക്കുന്നതെന്നും ചിത്രം തുടങ്ങാന്‍ താനും കാത്തിരിക്കുകയാണെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് ഇത്. ഒമര്‍ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ഡെന്നീസ് ജോസഫ് സാറിന്റെ തിരക്കഥയില്‍ ഞാന്‍ മലയാളത്തിലും കന്നടയിലുമായി ചിത്രീകരിക്കുന്ന എന്റെ ആദ്യ മാസ്സ് മൂവി പവര്‍സ്റ്റാറില്‍ നല്ല പവര്‍ഫുള്‍ ഇടി ഇടിക്കാന്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജൂവും ഉണ്ടാവും.നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി