ഒരു ജോഷി ചിത്രം..!

','

' ); } ?>

‘ലൈലാ ഓ ലൈല’ എന്ന ചിത്രത്തിന് ശേഷം മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ചിത്രം പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൊറിഞ്ചു മറിയം ജോസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. 1985 കാലഘട്ടത്തിന്റെ പശ്ചാതലത്തിലാണ് കഥയെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കാലഘട്ടത്തിന് അത്രമേല്‍ പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമൊന്നുമല്ല പൊറിഞ്ചു മറിയം ജോസ്. ശരാശരിയുള്ള തിരക്കഥയുടെ മനോഹരമായ മെയ്ക്കിംഗ് എന്ന് പൊറിഞ്ചു മറിയം ജോസിനെ വിശേഷിപ്പിക്കാം.

1965 ല്‍ ത്രിശ്ശൂരിലാണ് കഥയാരംഭിക്കുന്നത്. ഒരേ സസ്‌കൂളിലാണ് പഠിക്കുന്നതെങ്കിലും ജോസും പൊറിഞ്ചുവും പാവപ്പെട്ടവരും മറിയം നല്ല പണക്കാരിയുമാണ്. സ്‌കൂള്‍ കാലഘട്ടം തൊട്ടേ കൂട്ടുകാരായ ഇവര്‍ 1985ലെത്തി നില്‍ക്കുമ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. കാട്ടാളന്‍ പൊറിഞ്ചുവും ആണിന്റെ ഉശിരുള്ള മറിയവും കുട്ടികാലം തൊട്ടേ പ്രണയത്തിലാണെങ്കിലും വലുതായപ്പോള്‍ അച്ഛന്റെ മരണമാകുന്ന കൊമ്പ് മുന്നില്‍ തൂങ്ങി തടസ്സമായി നില്‍ക്കുകയാണ്. പ്രണയമുണ്ടെങ്കിലും ഒന്നിക്കാനാകാത്ത ഇവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ പാലമാണ് ജോസ്.

കഥയില്‍ വലിയ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും കാട്ടാളന്‍ പൊറിഞ്ചു, പുത്തന്‍ പള്ളി ജോസ്, ആലപ്പാട്ട് മറിയം എന്നീ കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിംഗാണ് ചിത്രത്തിന്റെ മനോഹാരിത. മോശം തിരക്കഥ പോലും മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ കയ്യിലെത്തുമ്പോള്‍ അതൊരു മനോഹരചിത്രമാകുന്ന കാഴ്ച്ചയാണ് പൊറിഞ്ചു മറിയം ജോസ്. പണക്കാര്‍, തെണ്ടികള്‍ പള്ളിപെരുന്നാളും, പകയും, കൊലയും ദുരന്തവുമെല്ലാം പലപ്പോഴായി ആവര്‍ത്തിച്ച നിരവധി സിനിമകളുടെ ആവര്‍ത്തനമായി പൊറിഞ്ചു മറിയം ജോസ് തോന്നാതിരുന്നത് ജോഷി എന്ന സംവിധായകന്റെ മികവാണ്.

അജയ് ഡേവിഡ് കാച്ചാപ്പള്ളിയുടെ ഛായാഗ്രഹണം, ശ്യാം ശശിധരന്റെ ചിത്ര സംയേജനം, ജേക്‌സ് ബിജോയ്യുടെ സംഗീതം എന്നിവയാണ് ചിത്രത്തിനെ പുതുമയുള്ളതാക്കുന്നത്. ഇനി താരങ്ങളുടെ പ്രകടനത്തെ കുറിച്ച് പറയാതിരിക്കാനാവില്ല. ജോജ്ജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈലാ ഉഷ എന്നിവര്‍ ചിത്രത്തിന്റെ ആദ്യാവസാനം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചെടുക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നുണ്ട്. സുധി കോപ്പ, വിജയ രാഘവന്‍, രാഹുല്‍ മാധവ്, ടി. ജി രവി എന്നിവരെല്ലാം മനസ്സില്‍ പതിയുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.

കഥയില്ലായ്മയെ താരങ്ങളുടെ പ്രകടനത്താല്‍ മറികടന്ന സംവിധാന മികവാണ് പൊറിഞ്ചു മറിയം ജോസ്. കഥയുടെ കെട്ടുറപ്പിനുമപ്പുറം കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ ആഴത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പശ്ചാതല സംഗീതവും മെയ്ക്കിംഗിലെ ചടുലതയുമാണ് ചിത്രം മടുപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോയത്. ഒട്ടേറെ പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയ ചിത്രമെന്ന നിലയിലും പൊറിഞ്ചു മറിയം ജോസ് അടയാളപ്പെടുത്തിയിട്ടുണ്ട്.