പ്രേക്ഷകരില്‍ മൊഹബ്ബത്ത് നിറച്ച് കുഞ്ഞബ്ദുള്ള ..

മനസ്സില്‍ മൊഹബ്ബത്ത് പരത്തി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. ഷാനു സമദ് രചനയും സംവിധാനവും നിര്‍വഹിച്ച മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള പ്രേക്ഷകര്‍ക്ക് മനോഹരമായ ചലച്ചിത്രാനുഭവമാണ് നല്‍കിയിരിക്കുന്നത്. നടന്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തന്റെ പൂര്‍വ്വകാല പ്രണയിനിയെ തിരഞ്ഞുള്ള കുഞ്ഞബ്ദുള്ളയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സാമൂഹ്യപ്രസക്തിയാര്‍ന്ന ഒട്ടേറെ വിഷയങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്.

ബോംബെയില്‍ നിന്നും ആരംഭിക്കുന്ന കഥ മുന്നോട്ട് പോകുന്നത് കേരളത്തിലൂടെയാണ്. യാത്രയില്‍ കുഞ്ഞബ്ദുള്ള കണ്ടുമുട്ടുന്നവരുടെ ജീവിതങ്ങളിലൂടെയും കഥ സഞ്ചരിക്കുന്നുണ്ട്. കുഞ്ഞബ്ദുള്ളയായെത്തിയ ഇന്ദ്രന്‍സിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഇന്ദ്രന്‍സിനെ കൂടാതെ ബാലുവര്‍ഗ്ഗീസ്, രണ്‍ജി പണിക്കര്‍, സംവിധായകന്‍ ലാല്‍ജോസ്, മാലാപാര്‍വതി, രചന നാരായണന്‍ കുട്ടി, ശ്രീജിത്ത് രവി, പ്രേംകുമാര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. സസ്‌പെന്‍സ് നിറഞ്ഞ ക്ലൈമാക്‌സാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ചിത്രത്തിലുടനീളം പ്രേക്ഷകരില്‍ പ്രണയത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ നല്‍കിയാണ് കുഞ്ഞബ്ദുള്ളയുടെ ഈ യാത്ര. ഷാനു സമദിന്റെ സംവിധാനവും കെട്ടുറപ്പുള്ളൊരു തിരക്കഥയുമാണ് ചിത്രത്തിന്റെ നട്ടെല്ല്. ബിജിപാലിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിലെ എല്ലാ ഗാനങ്ങളും കഥയുമായി ഇഴുകിചേര്‍ന്നതായിരുന്നു. വിദ്യാധരന്‍ മാഷും ഷാഹിര്‍ സമദും ചേര്‍ന്ന് ആലപിച്ച ഒത്തിരി നാളായ് എന്ന ഗാനം എടുത്തുപറയേണ്ടതാണ്. കേരളത്തിന്റെ മനോഹാരിത പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകന്‍ മന്‍സൂറിന്റെ പങ്കും വളരെ വലുതായിരുന്നു. ചിത്രത്തിലുടനീളം മുഷിപ്പ് വരാത്ത രീതിയില്‍ എഡിറ്റിംഗ് നിര്‍വഹിച്ചത് വി.ടി ശ്രീജിത്താണ്.

കുടുംബ േ്രപക്ഷകരെ ഒട്ടും മടുപ്പിക്കാത്ത ഒരു നല്ല അനുഭവമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. പ്രണയിക്കുന്നവര്‍ക്കും ഉള്ളില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നവര്‍ക്കും കുഞ്ഞബ്ദുള്ള ഒരു സുഖമുള്ള നോവായിരിക്കും. അതിനാല്‍ തന്നെ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.