
തമിഴ് നടിയും അവതാരകയുമായ വി.ജെ.ചിത്ര ചൈന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ചിത്ര. 28 വയസായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് നസ്രത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30നാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയത്. ഭാവി വരനും ബിസിനസുകാരനുമായ ഹേമന്തിനൊപ്പമായിരുന്നു താമസം. മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
കുളിക്കാനെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്ര ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെയാണ് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിച്ചതെന്ന് ഹേമന്ത് പറയുന്നു. തുടര്‍ന്ന് ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് റൂം തുറന്നത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.