അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിനെ കുറിച്ച് ഗാനനിരൂപകനും എഴുത്തുകാരനുമായ രവിമേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ.
പാടുന്ന പാട്ടിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ എസ് ജാനകി തയ്യാര്‍. റെക്കോര്‍ഡിസ്റ്റ് ഓക്കേ ചെയ്താലും മതിവരുവോളം പാടിയിട്ടേ അവര്‍ മൈക്കിനോട് വിടവാങ്ങൂ. എല്ലാ അര്‍ത്ഥത്തിലും ഒരു പെര്‍ഫെക്ഷനിസ്റ്റ്. പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മയില്‍ ഒരനുഭവമുണ്ട്. ”ചെന്നൈ പാംഗ്രൂവ് ഹോട്ടലിന്റെ പിന്നില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സി സുകുമാരന്‍ നായര്‍ക്ക് ഒരു മുറിയുണ്ടായിരുന്നു. അവിടെ വെച്ചാണ് തകരയുടെ കംപോസിംഗ്. ഭരതനും നെടുമുടി വേണുവുമൊക്കെ സാക്ഷികള്‍. എം ജി രാധാകൃഷ്ണന്‍ ഈണം പാടിക്കേള്‍പ്പിക്കുമ്പോള്‍ തബലയില്‍ രസിച്ചു താളമിടും വേണു. ഭരതന്‍ ഒപ്പം പാടും. മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അവ. ആ ആഘോഷരാവിലാണ് തകരയിലെ രണ്ടു പാട്ടും പിറന്നത് മൗനമേ നിറയും മൗനമേ, കുടയോളം ഭൂമി കുടത്തോളം കുളിര്…”
പിറ്റേന്ന് റെക്കോര്‍ഡിംഗ്. മൗനമേ പാടിക്കേട്ടപ്പോഴേ ആവേശഭരിതയായി ജാനകി. ശുഭപന്തുവരാളിയുടെ സ്പര്‍ശമുള്ള, മൂന്ന് സ്ഥായികളിലൂടെയും ഒഴുകിപ്പോകുന്ന ഈണം. ”അത്രയും ആസ്വദിച്ച് ആവര്‍ത്തിച്ചു പാടിയ പാട്ടുകള്‍ കുറവായിരിക്കും ജാനകിയുടെ സംഗീത ജീവിതത്തില്‍.” പൂവച്ചലിന്റെ ഓര്‍മ്മ. ”ഓരോ ടേക്കും കഴിഞ്ഞാല്‍ റെക്കോര്‍ഡിസ്റ്റും സംഗീത സംവിധായകനും ഓക്കേ പറഞ്ഞാലും തൃപ്തിയാകാതെ വീണ്ടും പാടും ജാനകി. കേട്ടിരുന്ന ഞങ്ങള്‍ക്കെല്ലാം അത്ഭുതം. ഏത് ടേക്ക് ആണ് മികച്ചത് എന്ന് പറയാന്‍ വയ്യ. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒടുവില്‍ പൂര്‍ണ്ണ തൃപ്തിയോടെ അവര്‍ പാടി നിര്‍ത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു…റെക്കോര്‍ഡിംഗ് കഴിഞ്ഞു തിരിച്ചു പോകും മുന്‍പ്, അത്രയും നല്ലൊരു പാട്ട് പാടാന്‍ അവസരം നല്‍കിയതിന് തൊഴുകൈയോടെ നന്ദി പറഞ്ഞു അവര്‍.”
പല്ലവിയിലെ ‘ഇതിലെ പോകും കാറ്റില്‍, ഇവിടെ വിരിയും മലരില്‍, കുളിരായ് നിറമായ് ഒഴുകും ദുഃഖം” എന്ന വരിയാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്ന് പറഞ്ഞിട്ടുണ്ട് ജാനകി. നിഗൂഢമായ ഒരു വിഷാദഭാവമുണ്ടായിരുന്നു ആ വരിയിലും അതിന്റെ ഈണത്തിലും. ഓരോ തവണയും അത് പാടുമ്പോള്‍ മനസ്സില്‍ നിശ്ശബ്ദമായ ഒരു വിങ്ങല്‍ ഉണ്ടായിരുന്നു എന്ന് പറയും ജാനകി. കേള്‍ക്കുന്ന നമ്മുടെയും മനസ്സിനെ വന്നു തൊടുന്നു ആ ആലാപനം.
ആ വര്‍ഷത്തെ (1979) ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ജാനകിക്ക് നേടിക്കൊടുത്തതും അതേ പാട്ട് തന്നെ ‘മൗനമേ നിറയും മൗനമേ..”
അടുത്ത വര്‍ഷവും ചരിത്രം ആവര്‍ത്തിച്ചു. സംസ്ഥാന അവാര്‍ഡ് ഇത്തവണ ജാനകിയെ തേടിയെത്തിയത് പൂവച്ചല്‍ – എം ജി രാധാകൃഷ്ണന്‍ ടീമിന്റെ മറ്റൊരു പാട്ടിന്റെ പേരില്‍: ചാമരത്തിലെ ”നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍.” (മഞ്ഞണിക്കൊമ്പില്‍, ഒരു മയില്‍പ്പീലിയായ് എന്നീ പാട്ടുകള്‍ക്കൊപ്പം).
ആകാശവാണി ലളിതഗാനങ്ങളോടായിരുന്നു ചാമരത്തിന്റെ സംവിധായകന്‍ ഭരതന് ഭ്രമം. ഇഷ്ടപ്പെട്ട പാട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന, എന്നാല്‍ വ്യത്യസ്തമായ ശ്രവ്യാനുഭൂതി പകരുന്ന സൃഷ്ടികള്‍ സ്വന്തം സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചില്ല അദ്ദേഹം. റേഡിയോയില്‍ എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തി സുശീലാദേവി പാടിക്കേട്ട ‘നാഥാ നിന്‍ സിംഹാസനത്തില്‍ ഭവാന്‍ ആരാലിറങ്ങിവന്നു” എന്ന ടാഗോര്‍ കവിത (മൊഴിമാറ്റം: ജി ശങ്കരക്കുറുപ്പ്)യുടെ ഈണം ‘ചാമര’ത്തില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത് ആ ഗാനത്തോടുള്ള സ്‌നേഹം കൊണ്ടുതന്നെ.
നാഥാ എന്ന ആദ്യ പദം മാത്രം നിലനിര്‍ത്തിക്കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ മൂഡിലും ഭാവത്തിലുമുള്ള ഒരു ഗാനമെഴുതി പൂവച്ചല്‍ : ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു…” എസ് ജാനകിയുടെ എക്കാലത്തെയും മികച്ച പ്രണയഗീതങ്ങളില്‍ ഒന്ന്. ‘താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നു” എന്ന വരിയിലൂടെ ജാനകി ഒഴുകിപ്പോകുമ്പോള്‍ ആരുടെയുള്ളിലാണ് പ്രണയം വന്നു നിറയാത്തത്.
രവിമേനോന്‍