കേസില്‍ നിന്ന് ഊരാന്‍ നിര്‍മാതാവിനോട് 50 ലക്ഷം ചോദിച്ച പൊലീസ് പെട്ടു

പ്രമുഖ പ്രവാസി വ്യവസായിയായ സിനിമാ നിര്‍മാതാവിനെ തട്ടിക്കൂട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ ബ്യൂട്ടി പാര്‍ലര്‍ ശൃംഖലയുടെ ഉടമയും ആലുവ സ്വദേശിയുമായ സലിമിനെ കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ആലുവ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സണെതിരെ ക്രൈംബ്രാഞ്ചിന്റെ തീവ്രവാദവിരുദ്ധ സേനാ വിഭാഗം (എടിഎഫ്) എസ്പി എ.കെ. ജമാലുദ്ദീന്‍ റിപ്പോര്‍ട്ട് നല്‍കി.
കഴിഞ്ഞ ഓഗസ്റ്റ് 8നാണ് സലിമിനെ ആലുവ തോട്ടുമുഖത്തെ വീട്ടില്‍ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. താന്‍ നിര്‍മിക്കുന്ന സിനിമയുടെ പൂജയ്ക്കു നാട്ടിലെത്തിയതായിരുന്നു സലിം. മകളെ അമിതമായി ജോലിയെടുപ്പിക്കുന്നു, ശമ്പളം നല്‍കുന്നില്ല എന്നൊക്കെ ആരോപിച്ച് ഖത്തറിലെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ സലീം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.
വിശാല്‍ ജോണ്‍സന്റെ സമ്മതത്തോടെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ വിലപേശല്‍ നടന്നതായും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ദുരുപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആലുവയിലെ ഹോട്ടല്‍ ഉടമ ശരത്തിനെതിരെ നിയമ നടപടി വേണമെന്നും സലിമിനെതിരായ കേസിന്റെ അന്വേഷണം വിശാല്‍ ജോണ്‍സണില്‍ നിന്നു മാറ്റണമെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സലിമിനെതിരെ വ്യക്തമായ പരാതി ഉണ്ടായിരുന്നില്ലെന്നും അര്‍ധരാത്രിയില്‍ തട്ടിക്കുട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സലിമിന്റെ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും ശരിവയ്ക്കുന്നതാണ് എസ്പിയുടെ റിപ്പോര്‍ട്ട്.
സലിമിന്റെ പരാതിയില്‍ നിന്ന്: ‘പൊലീസ് കസ്റ്റഡിയില്‍ ആയിരിക്കെ, രാത്രി 9ന് ആലുവയിലെ ശരത് എന്നയാള്‍ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു സ്റ്റേഷനിലെത്തി. കേസില്‍ കുടുക്കിയതാണെന്നും 50 രൂപ തന്നാല്‍ ഊരിത്തരാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സ്റ്റേഷനിലേക്കു വിളിക്കുമെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് പിടിച്ചു വച്ചിരുന്ന ഫോണ്‍ തിരിച്ചു തന്നു. പണം നല്‍കിയാല്‍ രാത്രി 10.30നു തന്നെ പുറത്തിറക്കാമെന്നു ശരത് വാഗ്ദാനം ചെയ്തു.
സിനിമയുടെ പൂജ ഉള്ളതിനാല്‍ പെട്ടെന്നു സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങണമായിരുന്നു. ’50 രൂപ’ എന്നതു കൊണ്ട് 50,000 രൂപയാണ് ഉദ്ദേശിച്ചതെന്നു കരുതി, ഒരുലക്ഷം രൂപ സുഹൃത്തു വഴി ശരത്തിനു കൈമാറിയപ്പോഴാണ് 50 ലക്ഷം രൂപയാണ് ഉദ്ദേശിച്ചതെന്നു ശരത് പറഞ്ഞത്. ശരത് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞു. ഫോണ്‍ വീണ്ടും പൊലീസ് പിടിച്ചു വാങ്ങി. അര്‍ധരാത്രിയോടെ കേസെടുത്തു.
പിറ്റേന്നു വിശാല്‍ ജോണ്‍സണ്‍ ‘ഞാന്‍ പറഞ്ഞയച്ചയാള്‍ പറഞ്ഞ പ്രകാരം നീ പ്രവര്‍ത്തിച്ചില്ലല്ലോ, നീ ഉണ്ട തിന്നു കിടക്കണം’ എന്നു പറഞ്ഞു. എന്റെ ആള്‍ക്കാര്‍ വീണ്ടും ബസപ്പെട്ടപ്പോള്‍ 60 ലക്ഷം രൂപയാണു ശരത് ആവശ്യപ്പെട്ടത്. പണം നല്‍കിയാലും 2 ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ശരത് പറഞ്ഞത് അനുസരിക്കാനായിരുന്നു വിശാല്‍ ജോണ്‍സന്റെ നിര്‍ദേശം. ഉച്ചയോടെ എന്നെ കോടതിയില്‍ ഹാജരാക്കി. സംഭവങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ കോടതി അന്നു തന്നെ ജാമ്യം അനുവദിച്ചു.