മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിനോടടുക്കുകയാണ്. ഡിസംബറില്‍ 12ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികളും പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ ആസുത്രീതമായി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹനിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. മാമാങ്കത്തിന്റെ ആദ്യത്തെ സംവിധായകന്‍ സജീവ് പിളളയടക്കമുളളവര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണ നടത്തിയെന്നുമായിരുന്നു ഗുരുതരമായ ആരോപണങ്ങള്‍. ഇതുസംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് പരാതി നല്‍കിയിരുന്നു,
ഇപ്പോള്‍ സിനിമക്കെതിരെ വ്യാജപ്രചാരണം നടത്തി എന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മാമാങ്കത്തിന്റെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിളളയടക്കം ഏട്ട് പേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിതുര പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്നാരോപിച്ചാണ് കേസ്.
സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന അടക്കം നടന്നെന്ന പരാതിയില്‍ ആണ് കേസ്. ഗൂഢാലോചന കുറ്റം ചുമത്തി സജീവ് പിളളയടക്കമുളള ഏട്ട് പേര്‍ക്കെതിരെ കേസ് എടുക്കാനാണ് സാധ്യത. സജീവ് പിളളയുടെ സംവിധാനത്തില്‍ 13കോടിയില്‍പരം രൂപയുടെ നഷ്ടം നിര്‍മ്മാതാവിന് സംഭവിച്ചതായി നേരത്തെ സഹനിര്മ്മാതാവ് പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് 21.75 ലക്ഷം രൂപ നല്‍കി സജീവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ അടക്കം സജീവും മറ്റു ചിലരും ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് പരാതി.
ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പോലീസ് അന്വേഷിക്കേണ്ടതുണ്ട്. 55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്.