നടന്‍ ബാല സിങ് അന്തരിച്ചു

പ്രശസ്ത തമിഴ് നടന്‍ ബാല സിങ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഭക്ഷ്യവിഷബാധയെതുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്‍ ജി കെ, പുതുപേട്ട , അവതാരം, മഗാമുനി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വില്ലനായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ബാല സിങ്.

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ബാല. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ല്‍ മലമുകളിലെ ദൈവം എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി. 1995ല്‍ അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം. ശേഷം നൂറിലധികം തമിഴ് സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ പ്രേക്ഷകപ്രശംസ നേടിയത്. കമല്‍ഹാസന്റെ ഉന്ത്യന്‍, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി തുടങ്ങി നിരവധി സിനിമകള്‍. കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, ഉയരും ഞാന്‍ നാടാകെ, കലിപ്പ്, നവവധു, മുല്ല തുടങ്ങിയ മലയാള ചിത്രങ്ങളിലും ബാല സിങ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.