‘മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ട്രെയിലറില്‍ കാണിക്കുന്നില്ല’, ട്രോളുമായി സിദ്ധാര്‍ത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമായ പി.എം. നരേന്ദ്രമോദിയുടെ ട്രെയിലറിനെതിരെ ട്രോളുമായി നടന്‍ സിദ്ധാര്‍ത്ഥ്. ‘ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുരത്തി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയിലറില്‍ കാണിക്കുന്നില്ല. സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്‌സലുകളുടെ അതുപോലെതന്നെ നെഹ്‌റുവിന്റെ വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നെന്നും’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന പിഴവുകള്‍ക്ക് നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നതിനെയും സിദ്ധാര്‍ത്ഥ് പരിഹസിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്ന വസ്തുതയും താരം ട്രോളുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രിയേയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാക്കെതിയും സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ വീരമൃത്യു ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.