‘പിടികിട്ടാപ്പുള്ളി’ സെക്കന്റ് പോസറ്റര്‍

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. അഹാന കൃഷ്ണകുമാര്‍, മെറീന മൈക്കിള്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്.

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ ചിത്രത്തിലെ നായികമാരില്‍ ഒരാളായ മെറീന മൈക്കിള്‍ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്..’ എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്താണ് ടൈറ്റില്‍ പോസ്റ്റര്‍ മറീന തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

അതിരന് ശേഷം പി.എസ് ജയഹരി സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം: സുമേഷ് വി. റോബിന്‍, വരികള്‍: വിനായക് ശശികുമാര്‍, മനു മഞ്ജിത്, ഛായാഗ്രഹണം: അന്‍ജോയ് സാമുവല്‍, ചിത്രസംയോജനം: ബിബിന്‍ പോള്‍ സാമുവല്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, ഡിസൈന്‍സ്: ഷിബിന്‍.സി.ബാബു, വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്, മാര്‍ക്കറ്റിംഗ് എം.ആര്‍. പ്രൊഫഷണല്‍.


ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആള് മാറി കിഡ്നാപ്പ് ചെയ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. സിനിമ ഒടിടി റിലീസ് ആണ് ലക്ഷ്യമിടുന്നത് എന്നും ജിഷ്ണു ശ്രീകണ്ഠന്‍ പറഞ്ഞു.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിഷ്ണു ശ്രീകണ്ഠന്‍. ക്രൈം കോമഡി ഴോണറില്‍ തന്നെ പെടുന്ന ദര്‍ബേ ഗുജേ എന്ന ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹ്രസ്വചിത്രങ്ങളില്‍ വേറിട്ട ദൃശ്യഭാഷ സ്വീകരിച്ച ദര്‍ബേ ഗുജേയുടെ സംവിധാനത്തിന് പുറമേ ഛായാഗ്രാഹണവും ചിത്രസംയോജനവും നിര്‍വഹിച്ചതും ജിഷ്ണു ശ്രീകണ്ഠനാണ്. കേരള രാജ്യന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ദര്‍ബേ ഗുജേയ്ക്ക് ലഭിച്ചിരുന്നു.