
കേരള സ്റ്റോറി 2ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ നിർമാതാക്കളും മറുപടി പറയണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുൾപ്പെടെ ടീസറിലുണ്ടായിരുന്നു. പ്രതിഷേധത്തിന് പുറമെ പരിഹാസവും ചിത്രവും നേരിട്ടു. കൂടാതെ സിനിമയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നും മതസൗഹാർദ്ദത്തിൻ്റെ നാടായ കേരളത്തെ ഭീകരവാദത്തിൻ്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആഷിൻ എ ഷാ സഹനിർമ്മാതാവാണ്. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്.