
തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നടൻ ഹൃതിക് റോഷൻ. സാമ്പത്തികമായ നേട്ടത്തിനായി തന്റെ പേര്, പ്രതിച്ഛായ, സാദൃശ്യം, വ്യക്തിത്വത്തിന്റെ മറ്റ് വശങ്ങൾ എന്നിവ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറയാകും താരത്തിന്റെ കേസ് പരിഗണിക്കുക.
സ്വന്തം വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഗായകന്‍ കുമാർ സാനു, തെലുങ്ക് നടൻ അക്കിനേനി നാഗാർജുന, ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, പത്രപ്രവർത്തകൻ സുധീർ ചൗധരി തുടങ്ങിയവരൊക്കെയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, പ്രശസ്ത നടൻ അനിൽ കപൂറിൻ്റെ പ്രതിച്ഛായയും ശബ്ദവും ഡയലോഗുകളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡൽഹി കോടതി 2023ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഒരാളുടെ പേര്, ചിത്രം, ശബ്ദം, അല്ലെങ്കിൽ വ്യക്തിത്വവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന എന്തിനും മേലുള്ള അവകാശങ്ങളാണ് വ്യക്തിത്വ അവകാശങ്ങൾ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിൽ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ വ്യക്തമായ നിയമം നിലവിലില്ല. എന്നാല്‍, യൂട്യൂബ് പ്രധാന എതിർകക്ഷിയായ അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ ഹർജി പരിഗണിച്ച കോടതി വ്യക്തിത്വ അവകാശ ലംഘനത്താല്‍ താരങ്ങൾക്ക് സാമ്പത്തിക നഷ്ടവും, ‘മാന്യതയ്ക്കും സൽപ്പേരിനും’ കോട്ടവും വരുത്തുന്നതായി വിലയിരുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, അഭിഷേകും ഐശ്വര്യയും പ്രത്യേകമായി നൽകിയ 518 വെബ്സൈറ്റ് ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി സെപ്റ്റംബർ ആദ്യം ഉത്തരവിട്ടിരുന്നു.