
ഭരണഘടനയെക്കുറിച്ചുള്ള നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ പരാമർശം വിവാദത്തിൽ. ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണെന്നായിരുന്നു പവൻ കല്യാണിന്റെ പരാമർശം. കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്‌ണമഠത്തിൽ നടന്ന ഗീത ഉത്സവപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. ഭഗവദ്ഗീതയെ ‘ഭരണഘടനയുടെ കൈയെഴുത്തുപ്രതി’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘ചിലർ ധർമവും ഭരണഘടനയും വ്യത്യസ്‌ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധർമം ഒരു ധാർമിക കോമ്പസാണ്. ഭരണഘടന നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണവുമായ സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്.’-അദ്ദേഹം പറഞ്ഞു.
ഈ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നിയമത്തേയും ധർമത്തേയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്നും ഭരണഘടനയ്ക്കും ധർമത്തിനും ഒന്നാകാൻ കഴിയില്ലെന്നും ഖാർഗെ വ്യക്തമാക്കി.ഭരണഘടനയെ കുറിച്ച് പഠിക്കാത്ത ‘സെലിബ്രിറ്റി’കളാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ് പ്രതികരിച്ചു. ‘ഭരണഘടന മതേതരമാണ്. അതിൽ ധർമത്തിനല്ല സ്ഥനാം’-അദ്ദേഹം വ്യക്തമാക്കി. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും പവൻ കല്യാണിനെ വിമർശിച്ചു.