
സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യുന്ന പവൻ കല്യാൺ ചിത്രം ‘ഒജി’യുടെ അപ്ഡേറ്റ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്.
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയങ്ക മോഹൻ ആണ് സിനിമയിലെ നായിക. രവി കെ ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമയിൽ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് പൈയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിൻ മണിയും. അതേസമയം ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായ ഹര ഹര വീര മല്ലു ആണ് ഇനി പുറത്തിറങ്ങാനുള്ള പവൻ കല്യാൺ ചിത്രം. ജൂണ്‍ 16ന് ചിത്രം പുറത്തിറങ്ങും.