പൊന്നോണം അടുത്ത് അടുത്ത് വരികയാണ്. ഒരു പിടി നല്ല ചിത്രങ്ങള്‍ ഓണവിരുന്നായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷത്തെ ഓണക്കാലത്ത് അത്തരമൊരു വിരുന്നായി നേരത്തെ എത്തിയിരിക്കുകയാണ് കണ്ണന്‍ താമരക്കുളം കുടുംബനായകന്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന്‍. ഒരു നല്ല ക്രൈം ത്രില്ലര്‍ ബാക്ക്ഗ്രൗണ്ടോടെ പ്രേക്ഷകനെ ഒരേ സമയം ചിന്തിപ്പിച്ചും ചിരിപ്പിച്ചും സമൂഹത്തിന് ഏറെ അനിവാര്യമായ നല്ലൊരു സന്ദേശം നല്‍കിയും പട്ടാഭിരാമന്‍ പ്രേക്ഷകന്റെ മനം നിറക്കുകയാണ്.
നമ്മളെല്ലാവരും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. എന്നാല്‍ ഇന്നത്തെ കാലം നമുക്ക് ശുദ്ധമായ ആഹാരം കഴിക്കാനുള്ള ഒരവസരമുണ്ടോ..? ഓണവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഓണസദ്യയും തൊട്ടരികെ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും എന്ത് നല്‍കണമെന്ന് തന്നെയാണ് പട്ടാഭിരാമന്‍ ഓര്‍മ്മപ്പെടുത്തുന്നത്.
ഭക്ഷണത്തെ ദൈവതുല്യനായി കാണുന്ന ഒരാളാണ് ഫുഡ് ഇന്‍ന്‍പെക്ടറായ പട്ടാഭിരാമന്‍. തന്റെ പൂര്‍വ്വികരില്‍ നിന്ന് ലഭിച്ച ബാലപാടങ്ങള്‍ തന്നെയാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെങ്കില്‍ കൂടി കല്യാണസദ്യകളൊരുക്കുന്ന പട്ടാഭിരാമന്റെ വിജയം. പക്ഷെ തന്റെ ജോലിയോട് പട്ടാഭിരാമന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത മൂലം ഒരുപാട് പ്രതിസന്ധികള്‍ പട്ടാഭിരാമന് ജീവിതത്തില്‍ നേരിടേണ്ടി വരികയാണ്.
അങ്ങനെ ഒടുവില്‍ പട്ടാഭിരാമന്‍ പത്മനാഭന്റെ മണ്ണിലെത്തുകയാണ്. കൈക്കൂലി വാങ്ങുന്ന തന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ തലകുനിക്കാതെ ശുദ്ധമായ ആഹാരത്തിന്റെ വെളിച്ചം പട്ടാഭിരാമന്‍ ജനങ്ങളിലേക്കെത്തിക്കുകയാണ്. എന്നാല്‍ നാട്ടില്‍ പട്ടാഭിരാമന്‍ ഹീറോയായതോടെ പതിയിരിക്കുന്ന അപകടങ്ങളും ശത്രുക്കളും അയാളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാക്കുന്നു.
കണ്ണന്‍ താമരക്കുളം എന്ന സംവിധായകന്റെയും ജയറാം എന്ന നായകന്റെയും മികച്ച ഒരു തിരിച്ചുവരവായി തന്നെ പട്ടാഭിരാമന്‍ എന്ന ചിത്രത്തെ കാണാം. ഏറെ പോരായ്മകളില്ലാത്ത ഒരു കഥയ്ക്ക് അനുയോജ്യമായ അവതരണത്തിലൂടെ മികച്ച ഒരു എന്റര്‍റ്റെയ്‌നര്‍ ത്രില്ലര്‍ തന്നെയാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രവി ചന്ദ്രന്റെ ഫ്രെയ്മുകള്‍ തന്നെയാണ് ചിത്രത്തിന്റെ ജീവന്‍.
ഏറെ കാലത്തിന് ശേഷം കൈതപ്രം വരികളെഴുതിയ ഉണ്ണി ഗണപതിയെ എന്ന ഇന്‍ഡ്രൊഡക്ഷന്‍ ഗാനം പ്രേക്ഷകന് ഒരു സദ്യ കഴിച്ച അനുഭൂതിയാണ് നല്‍കുന്നത്. ഒപ്പം അനുയോജ്യമായ ജയചന്ദ്രന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ പട്ടാഭിരാമന്റെ കെട്ടും മട്ടും തന്നെ മാറി. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ മിയ, ഷീലു എബ്രഹാം, ബൈജു, ഹരീഷ് കണാരന്‍, എന്നിവരും ജനപ്രിയനായകന്‍ ജയറാമും പ്രശംസയര്‍ഹിക്കുന്ന അഭിനയം കാഴ്ച്ചവെച്ചു.
ലോകത്ത് ഭക്ഷണത്തേക്കാള്‍ വലിയ മടങ്ങില്‍ നിര്‍മ്മിക്കപ്പെടുന്നത് മരുന്നുകളാണ്. മനുഷ്യന്‍ എത്ര ആധുനികനായിട്ടും ഇപ്പോഴും എന്താണ് കഴിക്കേണ്ടതെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. പട്ടാഭിരാമന്‍ എന്ന ചിത്രം ആ ചോദ്യത്തിന് നല്‍കുന്നത് പ്രശംസിനീയമായി മറുപടിയാണ്.