ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ പത്താം വളവ് ‘ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിന്റെ മെഗാ താരം മമ്മുക്ക , തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി , കൂടാതെ മലയാളത്തിന്റെ മറ്റ് പ്രിയ താരങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിയത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു . പദ്മകുമാര്‍ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് സംഗീത സംവിധായകന്‍. രതീഷ് റാം ആണ് ഛായാഗ്രഹണം. സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശി. പി.ആര്‍.ഒ: പി.ശിവപ്രസാദ്
എം. പദ്മകുമാര്‍ ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, അപൂര്‍വ്വം ചിലര്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, നീലഗിരി, ദേവാസുരം, ദ പ്രിന്‍സ്, വാഴുന്നോര്‍, ബ്ലാക്ക് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 2003ല്‍ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. 2006ല്‍ വര്‍ഗ്ഗം, വാസ്തവം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2008ല്‍ പരുന്ത് എന്ന ചിത്രം സംവിധാനം ചെയ്തു. 2009 ല്‍ കേരള കഫേ എന്ന ചിത്രവും 2010 ല്‍ ശിക്കാര്‍ എന്ന ചിത്രവും സംവിധാനം ചെയ്തു. പിന്നീട് തിരുവമ്പാടി തമ്പാന്‍, ഇതു പാതിരാമണല്‍, ഒറിസ്സ, ഡി കമ്പനി, കനല്‍, ജലം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ജോസഫ് എന്ന എം പദ്മകുമാര്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.