
വീണ്ടും ബോളിവുഡ് ചിത്രവുമായി പാർവതി തിരുവോത്ത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് ഭാഷയിലൊരുങ്ങുന്ന സീരീസിലാണ് പാർവതി കേന്ദ്രകഥാപാത്രമാകുന്നത്. സ്റ്റോം എന്നാണ് സീരീസിന്റെ പേര്. മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ സീരീസാണിതെന്നാണ് വിവരം. പാർവതിക്കൊപ്പം സൂപ്പർ തരാം ഹൃതിക് റോഷനും സീരിസിലുണ്ട്. കൂടാതെ അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ടീമിനൊപ്പമുള്ള ഫോട്ടോകൾ ഹൃതിക്കും പാർവതിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുതിയ തുടക്കമെന്ന് കുറിച്ചു കൊണ്ടാണ് ഹൃതിക് ഫോട്ടോസുകൾ പങ്കുവെച്ചിരിക്കുന്നത്. സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നുവെന്ന് അറിയിച്ച് കൊണ്ടാണ് പാർവതി ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. ന്നാലെ നിരവധി പേരാണ് പാർവതിക്കും ടീമിനും ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.
ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ഉപവിഭാഗമായ എച്ച്ആര്‍എക്സ് ഫിലിംസിന്‍റെ ബാനറിലാണ് സ്റ്റോം നിർമിക്കുന്നത്. ഒടിടിയിൽ നിർമാതാവെന്ന നിലയിലെ ആദ്യ നിർമാണ സംരംഭം കൂടിയാണ് സ്റ്റോം. അജിത്പാല്‍ സിംഗ് ആണ് സംവിധാനം. അജിത്പാൽ, ഫ്രാന്‍സ്വ ലുണേല്‍, സ്വാതി ദാസ് എന്നിവര്‍ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലെ ഏറ്റവും വലിയ സീരീസ് കൂടിയാകും ഇതെന്നാണ് പറയപ്പെടുന്നത്.
‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ഒട്ടനവധി സിനിമകളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് പാർവതി. പാർവതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം ഉള്ളൊഴുക്കാണ്. പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നാഷണൽ അവാർഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലിറങ്ങിയ കടക് സിങ് എന്ന ഹിന്ദി ചിത്രമായിരുന്നു പാർവതിയുടെ ആദ്യ ബോളിവുഡ് മൂവി. ഒരു ത്രില്ലെർ ചിത്രമായൊരുക്കിയ സിനിമയിൽ നഴ്‌സായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.