
പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് ഒരു കലാകാരനെന്ന നിലയ്ക്കുള്ള മാനസപൂജയാണെന്ന് തുറന്ന് പറഞ്ഞ് മോഹൻലാൽ. ക്ലാരയെയും മഴയെയുമൊക്കെ തന്റെ മക്കളുൾപ്പെടെ ആരാധനയോടെ ആഘോഷിക്കുന്നതു കാണുമ്പോൾ, പദ്മരാജനെന്ന പ്രതിഭയ്ക്കൊപ്പം സഹകരിക്കാനായതിൽ അഭിമാനം തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൂവാനത്തുമ്പികൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ, ഇറങ്ങിയ കാലത്തെക്കാൾ ഇന്നത്തെ തലമുറ ഗൃഹാതുരതയോടെ കൊണ്ടാടുന്നത് ആ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണയാണ്. ഇത്തരം പ്രതിഭകൾക്കൊപ്പമുള്ള സൃഷ്ടികളാണ് എന്നെയും മമ്മൂട്ടിയെയുമൊക്കെ ഇന്നുകാണുന്ന ഞങ്ങളാക്കിയത്. ഒരേസമയം ഐ.വി.ശശി ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളിലും മറുവശത്ത് പദ്മരാജന്റെ ചിത്രങ്ങളിലും അഭിനയിച്ചതാണ് ശക്തിപകർന്നത്. പദ്മരാജൻ തനിക്കു തന്ന അഞ്ചു കഥാപാത്രങ്ങളും അഞ്ചുതരത്തിൽ വെല്ലുവിളിയുയർത്തുന്നതായിരുന്നു. മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ‘അണ്ടർ റേറ്റഡ്’ സിനിമയാണ് അദ്ദേഹത്തിന്റെ ‘കരിയിലക്കാറ്റുപോലെ’. തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു അതിലെ പോലീസ് വേഷം.
തിരുവനന്തപുരത്തു പഠിച്ചുവളർന്ന ഏതൊരാളെയും പോലെ ആകാശവാണിയിൽ കേട്ട കാല്പനികത തുളുമ്പുന്ന ശബ്ദത്തിലൂടെയാണ് പദ്മരാജനെ ആദ്യമറിയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ‘ഇതാ ഇവിടെവരെ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ടു വിസ്മയിച്ചു. അപ്പോഴൊന്നും സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാനാകുമെന്ന്. മോഹൻലാൽ പറഞ്ഞു.