
ശ്രീനിവാസനെ അവസാനമായി കാണാനെത്തിയപ്പോൾ നേരിടേണ്ടിവന്ന അപകടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ പാർത്ഥിപൻ. നാല് തവണ അപകടമുണ്ടാകുന്നതില്‍ നിന്നും രക്ഷപ്പെട്ടാണ് താന്‍ എയര്‍പോര്‍ട്ടിലെത്തിയതെന്ന് പാർത്ഥിപൻ പറഞ്ഞു. സംവിധായകൻ രാജേഷ് തനിക്ക് അയച്ച മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു പാര്‍ത്ഥിപന്‍ തന്റെ യാത്രയെക്കുറിച്ച് വിവരിച്ചത്.
“ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 7.55 ന് ഞാന്‍ ബെന്‍സുമെടുത്തിറങ്ങി. യാത്രാമധ്യേ നാല് വ്യത്യസ്തമായ ഇടങ്ങളില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടായിരുന്നു. ഒറ്റയ്ക്കായിരുന്നു എന്റെ യാത്ര. എയര്‍പോര്‍ട്ടിലെത്തിയെങ്കിലും സീറ്റുകളൊന്നും ഉണ്ടായിരുന്നില്ല. രാത്രി പതിനൊന്ന് മണിയ്ക്കാണ് ഞാന്‍ കൊച്ചിയിലെത്തിയത്. എവിടെ തങ്ങുമെന്ന് അറിയില്ല. ഒടുവില്‍ ശ്രീനിവാസന്‍ സാറിന്റെ വീടിന്റെ അടുത്തായി തരക്കേടില്ലാത്തൊരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ കണ്ടെത്തി. ഇന്ന് ഞാന്‍ ദുബായിലെത്തേണ്ടതായിരുന്നു. ആ ഫ്‌ളൈറ്റ് ക്യാന്‍സലാക്കി. ഹോട്ടലും ക്യാന്‍സലാക്കിയിരുന്നു. എവിടെ നിന്നാണെങ്കിലും എന്റെ അനുശോചനം രേഖപ്പെടുത്താനാകുമായിരുന്നു. എന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചു.” പാർത്ഥിപൻ കുറിച്ചു.
“അവിടെ നിന്നും ഇവിടെ വരെയുള്ള ദൂരം ഞാന്‍ എന്തിന് താണ്ടിയെന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. എന്തോ ഒന്ന് എന്റെ ഉള്ളിന്റെയുള്ളില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള ഇതിഹാസങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ധാരാളം സമ്പത്ത് കണ്ടിട്ടുണ്ട്. എന്റെ മുമ്പില്‍ കണ്ടത് പണമായിരുന്നില്ല. പരിശുദ്ധമായൊരു ആത്മാവും, അത്യന്തം ബഹുമാനം അര്‍ക്കുന്നൊരു പ്രതിഭയായിരുന്നു. എന്റെ പ്രിയ കൂട്ടുകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ മുല്ലപ്പൂക്കള്‍ കയ്യില്‍ കരുതിയിരുന്നു. എന്നെ ആരും തിരിച്ചറിയില്ലെന്ന് അറിയാമായിരുന്നു. ഒരിക്കലും അതായിരുന്നില്ല ലക്ഷ്യവും. എന്റെ സാന്നിധ്യം ആരും അറിയില്ലെന്നാണ് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നത്. അതില്‍ ഞാന്‍ പരിപൂര്‍ണ തൃപ്തനുമായിരുന്നു. എന്നാലും സംവിധായകന്‍ രാജേഷ് എന്നെ കണ്ടു. എനിക്ക് അദ്ദേഹം മെസേജുകള്‍ അയച്ചു. അദ്ദേഹത്തിനൊപ്പം എസ്‌കേപ്പ് ഫ്രം ഉഗാണ്ടയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.” പാർത്ഥിപൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ശ്രീനിവാസൻ അന്തരിച്ചത്. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.