
ഫഹദിന്റെ അഭിനയത്തെ അടപ്രഥമൻ എന്ന് വിശേഷിപ്പിച്ച് നടൻ പാർത്ഥിപൻ. പുരുഷന്മാരെ പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം ഫഹദിനുണ്ടെന്നും. നോർത്ത് ആർക്കോട്ട്, സൗത്ത് ആർക്കോട്ട്, നഗരം, ചെങ്കൽപേട്ട് തുടങ്ങി ലോകം മുഴുവൻ ഫഹദിന്റെ അഭിനയം ശ്രദ്ധേയമാണെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“അഭിനയത്തിൽ അട്റാ സക്കേ, ഏറെ ഇഷ്ടത്തോടെ ഒരു സെൽഫിയെടുത്തു. സന്തോഷത്തിൻ്റെ കുൾഫി. ഫാസിൽ സാറിനെ കണ്ടപ്പോൾ അദ്ദേഹം നിഷ്കളങ്കനായി പറഞ്ഞു, “ഇത് എൻ്റെ മകൻ ഫഹദാണ്, നിങ്ങൾക്കറിയാമല്ലോ?” നോർത്ത് ആർക്കോട്ട്, സൗത്ത് ആർക്കോട്ട്, നഗരം, ചെങ്കൽപേട്ട് തുടങ്ങി ലോകം മുഴുവൻ അദ്ദേഹത്തിന്റെ അഭിനയം പ്രസിദ്ധമാണ്. അത്രമേൽ മധുരമുള്ള ഒരു പ്രഥമൻ (മലയാളത്തിൽ പായസം) പോലെ. അദ്ദേഹത്തെ കണ്ടു. വളരെ കൗതുകകരമായ വ്യക്തി. എന്നെ സംസാരിപ്പിച്ചുകൊണ്ട് അദ്ദേഹം എന്നെ ആകർഷിച്ചു. പുരുഷന്മാരെ പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. വീണ്ടും കാണാം.” പാർത്ഥിപൻ കുറിച്ചു.
ഇതിനുമുൻപും പാർത്ഥിപൻ മലയാള സിനിമയോടും താരങ്ങളോടുമുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയിരുന്നു. ഫഹദിന് പുറമേ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും കഴിഞ്ഞദിവസം പാർത്ഥിപൻ പങ്കുവെച്ചിരുന്നു.