
നാഷണൽ അവാർഡിൽ ലോബിയിങ് നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ പരേഷ് റാവൽ. മറ്റു അവാർഡുകളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മറ്റു അവാർഡുകളെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ നാഷണൽ അവാർഡിൽ ലോബിയിങ് നടക്കുന്നുണ്ട്. എന്തിനേറെ ഓസ്‌കര്‍ അവാര്‍ഡുകളിലും ഇത്തരം ലോബിയിങ് നടക്കാറുണ്ട്. അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിംഗ് ഉൾപ്പെട്ടിട്ടുണ്ട്. ലോബിയിങ് ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്’, പരേഷ് റാവൽ പറഞ്ഞു.
‘ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ്ഡ് ആണ്. കേരളത്തിലെ ജൂറി ചെയര്‍മാനായി എന്നെ ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം അവര്‍ എന്നോട് വിളിച്ച് പറഞ്ഞത് ഈ മേഖലയില്‍ എക്‌സ്പീരിയന്‍സുളള ഒരാളെ വേണമെന്നായിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ കൈ കടത്തില്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അവര്‍ പറഞ്ഞു. അത് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിക്കുന്നില്ല. ഫൈല്‍സ് ആന്‍ഡ് പൈല്‍ഡ് ആര്‍ ഗെറ്റിംഗ് അവാര്‍ഡ്‌സ്. അത്തരമൊരു ജൂറിയും അത്തരമൊരു കേന്ദ്രസര്‍ക്കാരും മമ്മൂക്കയെ അര്‍ഹിക്കുന്നില്ല’ എന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ.
വോ ചോക്രി (1994), സർ (1993) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പരേഷിന് മുമ്പ് മികച്ച സഹനടനുള്ള ദേശീയ പുരസ്കരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തൃശൂര് വെച്ച് മന്ത്രി സജി ചെറിയാനാണ് 55 ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിലൂടെ ഷംല ഹംസയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്.
128 സിനിമകളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്.പ്രാഥമിക ഘട്ടത്തില്‍ രണ്ട് സബ് കമ്മിറ്റികളാണ് അവാർഡിനായി സമർപ്പിച്ച സിനിമകള്‍ കണ്ട് വിലയിരുത്തിയത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളെ നയിച്ചത്. ഇവർക്ക് പുറമേ, ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.
നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.