“പരാശക്തി” വീണ്ടും പ്രതിസന്ധിയിൽ; പുതിയ 15 കട്ട്‌ കൂടി നിർദേശിച്ച് സെൻസർ ബോർഡ്

','

' ); } ?>

ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് പുതിയ 15 കട്ടുകൾ കൂടി നിർദ്ദേശിച്ച് സെൻസർ ബോർഡ്. നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു ഇത് കൂടാതെയാണ് പുതിയ കട്ടുകൾ നിർദ്ദേശിച്ചിരിക്കുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നാണ് സെൻസർ ബോർഡ് ചൂണ്ടി കാണിക്കുന്നത്. സംഭവത്തിൽ ചിത്രത്തിൻ്റെ സംവിധായിക സുധ കൊങ്കര റിവൈസിങ് കമ്മിറ്റിയെ സമീപിക്കും. നിർദേശിക്കപ്പെട്ട തിരുത്തലുകൾ ചിത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുർബലപ്പെടുത്തുമെന്നാണ് സംവിധായികയുടെ വാദം.

1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ശനിയാഴ്ച ചിത്രം തിയേറ്ററിൽ എത്തേണ്ടിയിരുന്നതായിരുന്നു. ശിവകാർത്തികേയന് പുറമേ രവി മോഹനും അഥർവയും ശ്രീലീലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഡോൺ പിക്ചേഴ്സ് ആണ്. ചിത്രത്തിൻ്റെ തമിഴ്‌നാട്ടിലെ വിതരണവകാശം റെഡ് ജയന്റ് മൂവീസിനാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

തമിഴ്‌നാട്ടിൽ 1960 കാലഘട്ടങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കതിനെതിരെ നടന്ന പോരാട്ടമാണ് ‘പരാശക്തി’യുടെ പ്രമേയം. ചിത്രത്തിൻ്റെ ട്രെയിലറും വിവാദമായിരുന്നു. ‘ജനനായകൻ’ ചിത്രത്തിന്റെ റിലീസ് മാറ്റിയതുപോലെ ‘പരാശക്തി’യുടെ റിലീസ് കൂടി മാറ്റിവച്ചാൽ ഏകദേശം 800 കോടിക്കു മുകളിൽ നഷ്ടമാകും കോളിവുഡിന് ഉണ്ടാകുക. പൊങ്കലിനു ലഭിക്കുന്ന പത്ത് ദിവസത്തെ അവധി മുമ്പിൽ കണ്ടാണ് ഈ രണ്ട് വമ്പൻ സിനിമകളും ഒൻപത്, പത്ത് തിയതികളിലായി റിലീസ് പദ്ധതിയിട്ടത്. ‘ജനനായകൻ’ റിലീസ് മാറ്റൽ നേട്ടമാകുക പ്രഭാസ് നായകനാകുന്ന ‘രാജാസാബ്’ എന്ന ചിത്രത്തിനാകും.

സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയതിനെത്തുടർന്ന് വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങേണ്ടിയിരുന്ന വെള്ളിയാഴ്ച രാവിലെ വിധി പറയുമെന്നാണ് കോടതി അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധസേനയെ വികലമായി ചിത്രീകരിച്ചു എന്നിങ്ങനെ പരാതി ലഭിച്ചതിനെത്തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്ന് സെൻസർ ബോർഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.