അന്ത്യമില്ലാത്ത ‘പട’യുടെ പോരാട്ടം

','

' ); } ?>

കമല്‍ കെ.എം സംവിധാനം ചെയ്ത ചിത്രമാണ് പട. പട തിയേറ്ററുകൡലത്തിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവ കഥയെ ആധാരമാക്കിയെടുത്ത ചിത്രം ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചര്‍ച്ചയായതാണ്. 1996 ഒക്ടോബര്‍ നാലിന് പാലക്കാട് കളക്ടറെ നാലംഗ സായുധ സംഘം ബന്ധിയാക്കിയ അതേ സംഭവം ചരിത്രത്തോട് നൂറ് ശതമാനവും നീതി പുലര്‍ത്തി ഫിക്ഷന്‍ ഒട്ടുമില്ലാതെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. ചലച്ചിത്രത്തിന്റെ സാധ്യതകളെ ആദിവാസികളുടെ മണ്ണിന്റെ രാഷ്ട്രീയം പറയാന്‍ ഉപയോഗിക്കുകയായിരുന്നു സംവിധായകന്‍. ഡോക്യുമെന്ററി സ്വഭാവമുണ്ടെങ്കില്‍ പോലും പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന എന്ന രൂപത്തില്‍ തന്നെയാണ് മെയ്ക്കിംഗ് നിര്‍വ്വഹിച്ചിട്ടുള്ളത്.

നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്നായിരുന്നു ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ 1996ലെ ആവശ്യം. ഇന്നും ഇത് എത്രമാത്രം പ്രസക്തമാണെന്ന് ചിത്രം വിളിച്ചു പറയുന്നുണ്ട്. ഭൂപടത്തിലില്ലാതായി കൊണ്ടിരിക്കുന്നവരുടെ പോരാട്ടം തുടരുകയാണെന്ന് ചിത്രം കാണിച്ചു തരുന്നു. മുത്തങ്ങ, ചെങ്ങറ അങ്ങനെ ആദിവാസികളുടെ പോരാട്ടങ്ങള്‍, 1996ലെ കളക്ട്രേറ്റിലെ അയ്യങ്കാളിപടയുടെ പ്രതിഷേധത്തിന്റെ ഫൂട്ടേജുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് ആദിവാസികളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടെയാണ് സംവിധായകന്‍ വെള്ളിത്തിരയില്‍ വരച്ചിട്ടത്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ എന്നീ വാണിജ്യ സാധ്യതകളുള്ള താരങ്ങളിലൂടെ രാഷ്ട്രീയം പറഞ്ഞ മിടുക്കിനാണ് സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നത്. മണ്ണിന്റെ മക്കളുടെ രാഷ്ട്രീയത്തിനൊപ്പം നിന്ന താരങ്ങളേയും പ്രശംസിക്കാതെ വയ്യ. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ എന്താണ് ആദിവാസി സമൂഹത്തോട് ചെയ്യുന്നതെന്ന് കൃത്യമായി സിനിമ സംവദിക്കുന്നുണ്ട്.

കളക്ടറെ ബന്ദിയാക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതു കളിത്തോക്കും, നൂലുണ്ട ബോംബും, വെറും പിവിസി പൈപ്പുമാണെന്ന് അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അന്ന് ചിരിച്ച അതേ ഭരണകൂടസംവിധാനം പിന്നീട് എങ്ങിനെയാണ് അവരോട് പെരുമാറിയതെന്നും സിനിമ കാണിച്ചു തരുന്നുണ്ട്. സിനിമയുടെ വാണിജ്യ വിജയത്തിനപ്പുറത്ത് ശക്തമായ രാഷ്ട്രീയസംവേദനം തന്നെയാണ് ഉദ്ദേശിച്ചതെന്ന് ചിത്രത്തിന്റെ ഓരോഘട്ടത്തിലും വ്യക്തമായതിനാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. താരങ്ങളെല്ലാം പ്രകടനം ഗംഭീരമാക്കി. പ്രകാശ് രാജ്, നാടക നടന്‍ കൂടെയായ ഗോപാല്‍, ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, ഉണ്ണിമായ, കനി കുസൃതി എന്നിവരുടെയെല്ലാം പ്രകടനം നന്നായിരുന്നു. സമീര്‍ താഹിറിന്റെ ഛായാഗ്രണം, ഷാന്‍ മുഹമ്മദിന്റെ ചിത്രസംയോജനം, വിഷ്ണു വിജയിന്റെ സംഗീതം എന്നിവയും മികച്ചതായിരുന്നു. സിനിമ വിജയമായാലും ഇല്ലെങ്കിലും സിനിമയിലുന്നയിച്ച രാഷട്രീയം തര്‍ക്കമറ്റതാണെന്നതിനാല്‍ അത്തരം കാഴ്ച്ചകളും,വിഷയങ്ങളും വെള്ളിത്തിരയിലെത്തട്ടെ. സമൂഹവും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ.