കഥയുടെ ഗന്ധര്‍വ്വന്‍ പി.പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 28 വയസ്സ്

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി പത്മരാജന്‍ ഓര്‍മ്മയായിട്ട് 28 വര്‍ഷം തികഞ്ഞിരിക്കുന്നു. 1946 മെയ് 23ന് ഹരിപ്പാടിനടുത്ത് മുതുകുളത്ത് പ്രശസ്തമായ ഞവരയ്ക്കല്‍ തറവാട്ടില്‍ ദേവകിയമ്മയുടെയും തുണ്ടത്തില്‍ അനന്തപത്മനാഭ പിള്ളയുടെയും ആറാമത്തെ മകനായി ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും സ്വായത്തമാക്കി. കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരന്‍, പ്രഹേളിക, പുക കണ്ണട എന്നിവ. കഥാരചനയിലെ വൈഭവം നോവല്‍രചനയിലേയ്ക്ക് പത്മരാജനെ ആകര്‍ഷിച്ചു.

1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന്‍ നേടി. പിന്നീട് വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. 1965ല്‍ തൃശൂര്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 1986 വരെ ആകാശവാണിയില്‍ തുടര്‍ന്നു.

സിനിമാരംഗത്ത് സജീവമായതിനെത്തുടര്‍ന്ന് ആകാശവാണിയിലെ ജോലി രാജി വെച്ച് മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തനത്തില്‍ മുഴുകി. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകള്‍ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം അദ്ദേഹം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിര്‍വ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകള്‍.

1975ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ സംവിധായകനായ പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ 36 തിരക്കഥകള്‍ രചിച്ചു.18 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കള്ളന്‍ പവിത്രന്‍, കൂടെവിടെ, മൂന്നാംപക്കം, കാണാമറയത്ത്, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍, തൂവാനത്തുമ്പികള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ആകാശവാണിയില്‍ സഹപ്രവര്‍ത്തകയായിരുന്ന രാധാലക്ഷ്മിയാണ് ഭാര്യ. ചലച്ചിത്ര പ്രവര്‍ത്തകനായ അനന്തപത്മനാഭനും മാധവിക്കുട്ടിയും മക്കള്‍. 1991 ജനുവരി 24ാം തീയതി ഹൃദയസ്തംഭനംമൂലം അദ്ദേഹം അന്തരിച്ചു.