പി ലീലയുടെ ജന്മവാർഷികം

','

' ); } ?>

പ്രശസ്ത ഗായിക പി ലീലയുടെ ജന്മവാര്‍ഷികദിനത്തില്‍ അപൂര്‍വമായ ആത്മബന്ധത്തിന്റെ കഥ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരനും ഗാനനിരൂപകനുമായ രവി മേനോന്‍. പി ലീലയും ജാനകിയമ്മയും എത്രമാത്രം പരസ്പരം സ്‌നേഹിച്ചിരുന്നുവെന്ന അനുഭവമാണ് അദ്ദേഹം പങ്കിട്ടത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ വായിക്കാം.


പി ലീലയുടെ ജന്മവാർഷികം
ജാനകി എങ്ങനെ മറക്കും ആ നന്മ?
“എന്തിനെനിക്ക് നന്ദി പറയണം? ഗുരുവായൂരപ്പൻ നിനക്ക് വേണ്ടി കാത്തുവെച്ച പാട്ടായിരുന്നു അത്. വിധിനിയോഗം പോലെ ആ പാട്ട് നീ തന്നെ പാടി. ഞാൻ അതിനൊരു നിമിത്തമായി എന്ന് മാത്രം.”– വികാരാധീനയാകുന്നു ലീലച്ചേച്ചി. ഫോണിന്റെ മറുതലയ്ക്കൽ ആ വാക്കുകൾ കേട്ടുനിന്ന ജാനകിയമ്മയുടെ പ്രതികരണം എനിക്ക് ഊഹിക്കാനാകുമായിരുന്നു. തീർച്ചയായും അവരുടെ കണ്ണുകളും നിറഞ്ഞിരിക്കണം.
“ശിങ്കാരവേലനേ ദേവാ” എന്ന അപൂർവ്വസുന്ദര ഗാനം പാടാൻ ഇടയായ കഥ ആദ്യം കേട്ടറിഞ്ഞത് ജാനകിയമ്മയിൽ നിന്ന് തന്നെ. സിനിമാസംഗീതത്തിൽ എസ് ജാനകി യുഗത്തിന് നാന്ദി കുറിച്ച ഗാനം. പി ലീലയ്ക്ക് പാടാൻ വെച്ച “കൊഞ്ചും സലങ്കൈ”യിലെ പാട്ട് ഒടുവിൽ ലീലയുടെ തന്നെ ശുപാർശയിൽ, യാദൃച്ഛികമായി തന്നെ തേടിയെത്തിയ കഥ ജാനകി വികാരഭരിതയായി വിവരിച്ചപ്പോൾ വിസ്മയത്തോടെ കേട്ടിരുന്നത് ഓർമ്മയുണ്ട്. സിനിമയിൽ ഇങ്ങനെയും ഉണ്ടായിരുന്നു സ്നേഹസുരഭിലമായ ഒരു കാലം എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയ അനുഭവം. അടുത്ത തവണ ലീലച്ചേച്ചി വിളിച്ചപ്പോൾ ജാനകിയമ്മ പറഞ്ഞ ഹൃദയസ്പർശിയായ കഥ പങ്കുവെക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ കഥയിലെ യഥാർത്ഥ നായിക പി ലീല ആണല്ലോ. തീരെ അപ്രതീക്ഷിതമായിരുന്നു ചേച്ചിയുടെ പ്രതികരണം: “ജാനകി അങ്ങനെ പറഞ്ഞുവെന്നറിഞ്ഞാൽ എനിക്ക് സങ്കടം വരും. സ്വന്തം കഴിവ് കൊണ്ടാണ് അവൾ വളർന്നുവന്നത് — ആരുടേയും പിന്തുണ ഇല്ലാതെ തന്നെ. അതിൽ എന്റെ പങ്കാളിത്തം വളരെ തുച്ഛം. ഇനി സംസാരിക്കുമ്പോൾ ഞാൻ പറയും നീ ഈ കഥ ആരോടും ആവർത്തിക്കരുത് എന്ന്. അവൾക്ക് തന്നെ കുറച്ചിലല്ലേ അത്. പാവം….” അത്ഭുതത്തോടെ ആ വാക്കുകൾ കേട്ടുനിന്നു ഞാൻ.

ആ സംഭാഷണത്തിന്റെ തുടർച്ചയായിരുന്നു കോഴിക്കോട് അളകാപുരിയിലെ ലീലച്ചേച്ചിയുടെ മുറിയിൽ വെച്ചുള്ള ഫോൺ കോൾ. “ ചെറിയ കുട്ടികളെപ്പോലെയാണ് ജാനകിയുടെ മനസ്സ്.” — ഫോൺ വെച്ച ശേഷം ലീലച്ചേച്ചി പറഞ്ഞു. “സന്തോഷം വന്നാലും സങ്കടം വന്നാലും കരയാൻ തുടങ്ങും. എന്നെ ജീവനാണ്. എത്ര തവണ വേണ്ടെന്ന് പറഞ്ഞാലും എന്നോടുള്ള കടപ്പാട് ആവർത്തിച്ചുകൊണ്ടിരിക്കും അവൾ. ഇതൊക്കെ കേൾക്കുമ്പോൾ ആളുകൾ വിചാരിക്കില്ലേ ഞാൻ പറഞ്ഞിട്ടാണ് അവൾക്ക് ആ പാട്ട് കിട്ടിയതെന്ന്? പറഞ്ഞു പറഞ്ഞു മടുത്തു….” സംഗീതലോകത്ത് ഞാൻ കണ്ട ഏറ്റവും നിർമ്മലഹൃദയരായ രണ്ടു മഹാപ്രതിഭകൾ തമ്മിലുള്ള ആ സംഭാഷണത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ സൗഭാഗ്യം.

ജാനകിയമ്മയുടെ സംഗീത ജീവിതത്തിന്റെ വഴിതിരിച്ചു വിട്ട പാട്ടിന്റെ കഥ ഇങ്ങനെ: എം വി രാമൻ സംവിധാനം ചെയ്ത സംഗീത–നൃത്ത പ്രധാനമായ “കൊഞ്ചും സലങ്കൈ” (1962) എന്ന ടെക്നികളർ ചിത്രത്തിൽ ഒരു നിർണായക രംഗത്ത് കടന്നുവരുന്ന ഗാനമാണത്: “ശിങ്കാര വേലനേ ദേവാ…” പടത്തിലെ നായകനായ ജെമിനി ഗണേശന്റെ നാദസ്വരവാദനത്തിന്റെ പശ്ചാത്തലത്തിൽ സാവിത്രി പാടി അഭിനയിക്കേണ്ട പാട്ട്. കു മാ ബാലസുബ്രഹ്മണ്യം എഴുതി എസ് എം സുബ്ബയ്യാനായിഡു സ്വരപ്പെടുത്തിയ ആ ക്ലാസിക് ഗാനത്തിന്റെ ആധാരശ്രുതി നാദസ്വരം തന്നെ. പാട്ടിന്റെ പിന്നണിയിൽ നാദസ്വരം വായിക്കാൻ വിഖ്യാതകലാകാരൻ കാരൈക്കുറിച്ചി അരുണാചലത്തെ തന്നെ നിയോഗിക്കുന്നു നായിഡു.

പാട്ട് പാടേണ്ടത് ആരെന്ന കാര്യത്തിൽ തരിമ്പും സംശയമുണ്ടായിരുന്നില്ല അദ്ദേഹത്തിന് — തെന്നിന്ത്യയുടെ നാദകോകിലം പി ലീല. സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്ക് ലീല പറന്നുനടന്നു പാടുന്ന കാലമായിരുന്നു അത്. പക്ഷേ അരുണാചലത്തിന്റെ നാദസ്വരശ്രുതിക്കൊപ്പം പാടുക എളുപ്പമല്ല. “എന്നെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു.”–ലീല. “അപാരമായ ശ്വാസനിയന്ത്രണം ആവശ്യമുള്ള പാട്ട്. ” നായിഡു നിർബന്ധിച്ചെങ്കിലും തന്റെ പരിമിതികൾ ഉൾക്കൊണ്ട് ഒഴിഞ്ഞുമാറാനാണ് ലീല ശ്രമിച്ചത്. പകരക്കാരിയായി ഒരൊറ്റ ഗായികയേ സുബ്ബയ്യാ നായിഡുവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു — സാക്ഷാൽ ലതാ മങ്കേഷ്ക്കർ. ലീലയില്ലെങ്കിൽ ലത പാടട്ടെ — നായിഡു തന്റെ നയം വ്യക്തമാക്കുന്നു. “ലതയെ കൊണ്ട് പാടിക്കാനുള്ള തീരുമാനം നായിഡുവിൽ നിന്നറിഞ്ഞപ്പോൾ പൊടുന്നനെ എനിക്ക് ആന്ധ്രക്കാരിയായ പുതിയൊരു പാട്ടുകാരിയുടെ മുഖം ഓർമ്മവന്നു– ജാനകിയുടെ. ഗുരുവായൂരപ്പൻ മനസ്സിൽ തോന്നിച്ചതാവണം.”- ലീലയുടെ വാക്കുകൾ. “ സിനിമയിൽ പാടിത്തുടങ്ങിയിട്ട് അധികമായിട്ടില്ല ആ കുട്ടി. എത്ര ഉയർന്ന സ്ഥായിയിലും പാടാൻ കഴിവുള്ള അവളെ ഞാൻ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. ജാനകിയെ വിളിച്ചു പാടിച്ചു നോക്കിക്കൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ നായിഡുവും പടത്തിന്റെ സംവിധായകൻ രാമനും എതിർത്തു. ഇത്രയും വെല്ലുവിളി ഉയർത്തുന്ന ഒരു പാട്ട് താരതമ്യേന പുതിയൊരു പാട്ടുകാരിയെ എങ്ങനെ വിശ്വസിച്ചേൽപ്പിക്കും എന്നായിരുന്നു അവരുടെ ചോദ്യം. ” പക്ഷേ ലീലയ്ക്ക് തെല്ലുമുണ്ടായിരുന്നില്ല സംശയം; “ശിങ്കാരവേലനേ” ജാനകിയുടെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ. ഒടുവിൽ ലീലയുടെ നിർബന്ധത്തിന് വഴങ്ങി ഒരു പരീക്ഷണം നടത്താൻ സമ്മതിക്കുന്നു നായിഡുവും രാമനും — ഇഷ്ടപ്പെട്ടില്ലെങ്കിൽ പാട്ട് ഒഴിവാക്കും എന്ന കർശനമായ ഉപാധിയോടെ ജാനകി വന്നു; എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തേക്കുയർന്ന് ആ ഗാനം ആലപിച്ച് അനശ്വരമാക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും ഉദാത്തമായ അർദ്ധശാസ്ത്രീയസൃഷ്ടികളിൽ ഒന്നായി നിലനിൽക്കുന്നു ശിങ്കാരവേലനേ — ആറു ദശകങ്ങൾക്കിപ്പുറവും. അതേ സിനിമയിൽ ലീല പാടിയ പാട്ടും പ്രശസ്തം: “കൊഞ്ചും സലങ്കൈ ഒലി….”

ഏറ്റവുമൊടുവിൽ വിളിച്ചു സംസാരിച്ചപ്പോഴും പഴയ കഥയോർത്ത് വികാരാധീനയായി ജാനകി. ലീലച്ചേച്ചിക്ക് മനസ്സുകൊണ്ട് നന്ദി പറഞ്ഞു. “ലീലയുടെ നല്ല മനസ്സാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്ന് വിശ്വസിക്കുന്നു ഞാൻ. “അകലെയെങ്ങോ ഇരുന്ന് ലീലച്ചേച്ചി മന്ത്രിക്കുന്നത് കേൾക്കാനാകും എനിക്ക്: “എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത് കുട്ടീ, നിന്റെ വളർച്ചക്ക് പിന്നിൽ നിന്റെ കഴിവു മാത്രം; ദൈവാനുഗ്രഹവും… അതിനൊരു നിമിത്തമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യം..”.
രവിമേനോൻ