‘ഒറ്റ്’ ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ‘ഒറ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് ‘രണ്ടകം’ എന്നാണ്.

25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോവയും മംഗലാപുരവും മുംബൈയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സജീവ് ആണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം എ എച്ച് കാശിഫ്. ഛായാഗ്രാഹണം വിജയ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്.

തമിഴിലെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ ‘ഒറ്റ്’ ആയും തമിഴകത്ത് ‘രണ്ടകം’ എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ എത്തുന്നത്.

കോവിഡ് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ മൂന്ന് ചിത്രങ്ങളാണ് റിലീസിനെത്തിയത്.മോഹന്‍ കുമാര്‍ ഫാന്‍സ്,നിഴല്‍,നായാട്ട്.മൂന്ന് ചിത്രങ്ങളും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.നിഴലും നായാട്ടും ഏറെ ജന ശ്രദ്ധ നേടി മുന്നോട്ട് പോകുന്ന ചിത്രങ്ങളാണ് .എന്നാല്‍ രാജ്യത്ത് ദിനം പ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സെക്കന്റ് ഷൊ നിര്‍ത്തിവെയ്ക്കാനാണ് തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കിയ നിര്‍ദേശം.ഇത് വീണ്ടും സിനിമ പ്രതി സന്ധി സൃഷ്ടിക്കുമോ എന്ന ആശാങ്കയിലാണ് സിനിമ മേഖല.