വി. കെ. പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും പ്രധാന കഥാപാത്രങ്ങളാകുന്ന ഒരുത്തീയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സീന്‍ ഒന്ന് നമ്മുടെ വീടിന് ശേഷം പുറത്തിറങ്ങുന്ന നവ്യ നായരുടെ മലയാള ചിത്രമെന്ന പ്രത്യേകതയും ഒരുത്തീക്കുണ്ട്. ചിത്രത്തില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രമാണ് നവ്യ അവതരിപ്പിക്കുന്നത്.
അന്തരിച്ച നടി കെപിഎസി ലളിതയുടെ അവസാന സിനിമകളില്‍ ഒന്നാണ് ഒരുത്തി. ചിത്രത്തിലെ കെപിഎസി ലളിതയുടെ സീനുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.
ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
യുവജനോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്കെത്തി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. റിയാലിറ്റി ഷോകളില്‍ അവതാരകയായി എത്തിയിരുന്നെങ്കിലും താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെ നവ്യ വെള്ളിത്തിരയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.