ഒന്നരവര്‍ഷത്തോളമുള്ള കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററില്‍ എത്തിയ ഒരു അഡാര്‍ ലവിന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. ഹാപ്പി വെഡ്ഡിങ്ങ് , ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന അഡാര്‍ ലവ് യുവതയുടെ താളത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചത്.
ആദ്യ പാട്ടോടെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ അഡാര്‍ ലവ് അതേ ആവേശം തിയ്യേറ്ററില്‍ ഉണ്ടാക്കിയോ എന്നത് സംശയമാണ്. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു കാലമാണ് കഥാപശ്ചാത്തലം. മുന്‍പ് പല സിനിമകളിലും പയറ്റി തെളിഞ്ഞ പ്രമേയം ദൃശ്യ തനിമയില്‍ കവിഞ്ഞ പുതുമകളുള്ളതായി തോന്നിയില്ല. കര കണ്ടിട്ടും തോണി കരയ്ക്കടുപ്പിക്കാനാവാതെ തുഴയെറിയുന്ന തിരക്കഥ തന്നെയാണ് വില്ലനായി തോന്നിയത്.
ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തയായതാണ്. ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ പ്രിയയെയും റോഷനെയും ചുറ്റി പറ്റി നീങ്ങിയപ്പോള്‍ സംവിധായകന്‍ രണ്ടാം പകുതിയിലാണ് ബാറ്റണ്‍ കൈമാറിയത്. കലാലയം എന്ന് പറയുമ്പോഴുണ്ടാകുന്ന നൊസ്റ്റാള്‍ജിയ, സൗഹൃദം തുടങ്ങിയ രംഗങ്ങളും ചിത്രത്തില്‍ ഇല്ലാതെ പോയി.
ചിത്രത്തില്‍ ഒന്‍പതോളം ഗാനങ്ങളുണ്ട്. കലാഭവന്‍ മണിയുടെ മെയിന്‍സോംഗ് ചിത്രത്തില്‍ മനോഹരമായനുഭവപ്പെട്ടപ്പോള്‍ രംഗങ്ങളുടെ തുടര്‍ച്ചയ്ക്ക് പാട്ടിനെ കൂട്ട് പിടിക്കേണ്ട കാഴ്ച്ചയാണ് കാണാനായത്. ചിത്രത്തിലെ പല കോമഡി രംഗങ്ങളും ശരിക്കും വര്‍ക്ക്ഔട്ടായിട്ടുണ്ട്. അത്‌പോലെ സഹതാരങ്ങളായെത്തിയ പുതുമുഖങ്ങളില്‍ പലരും തങ്ങള്‍ വെള്ളിത്തിരയ്ക്ക് അനുയോജ്യരാണെന്ന് ബോധ്യപ്പെടുത്തി. അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, അല്‍ത്താഫ്, പ്രദീപ് കോട്ടയം തുടങ്ങിയവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. മനോഹരമായ ദൃശ്യങ്ങള്‍കൊണ്ട് സിനു സിദ്ധാര്‍ത്ഥ് ചിത്രത്തെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുമ്പോള്‍ കുപ്പിയുടെ ആലങ്കാരിക ഭംഗി മാത്രമല്ല, രുചിക്കൂട്ടിലും പുതുമ കാത്ത് സൂക്ഷിക്കണമെന്നാണ് അഡാര്‍ലവ് ഓര്‍മ്മിപ്പിക്കുന്നതെന്ന് തോന്നുന്നു. ദിശയറിയാതെ നീങ്ങിയ തോണി അനിവാര്യമായ അന്ത്യം ക്ഷണിച്ചുവരുത്തിയപോലെയാണ് സിനിമ അവസാനിക്കുന്നത്. അതേസമയം യുവതയുടെ ഹൃദയതാളത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമയെക്കുറിച്ച് അതേ പ്രായത്തിലുള്ളവരാണ് അഭിപ്രായം പറയേണ്ടതെന്ന് തോന്നുന്നു. അത്‌കൊണ്ട് നമുക്കീ വാലന്റെന്‍സ് ദിനത്തില്‍ അവര്‍ക്കായി വിട്ടുകൊടുക്കാം. എന്റെ കാഴ്ച്ചപ്പാടായിരിക്കില്ല ഒരു പക്ഷെ അവര്‍ക്കീ സിനിമയെക്കുറിച്ച്..