ജീവനുള്ള സിനിമ ….ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്

ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്.ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് ഫോണ്‍ കോള്‍ വഴിയാണ് അഭിനന്ദനം അറിയിച്ചത്.ജാവ തീയേറ്ററില്‍ കാണാന്‍ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കില്‍ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു.ജീവനുള്ള സിനിമ,നല്ല മനോഹരമായി തന്നെ ആ കഥയില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ..പണ്ട് അദ്ദേഹത്തോട് പത്മരാജന്‍ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയില്‍ എല്ലാരും നായകന്മാര്‍ ആണ്, അഭിനേതാക്കള്‍ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്.അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാന്‍ ഉള്ളത് എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എന്റെ അച്ഛനു ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് സാര്‍, അതുകൊണ്ടു തന്നെ പണ്ട് തീയേറ്ററില്‍ ഫാമിലിയായി കാണാന്‍ പോകുന്ന മിക്ക ചിത്രങ്ങളും സത്യന്‍ സാറിന്റെയാകും.
ഇന്ന് യാദൃശ്ചികമായി സാറിന്റെ ഒരു ഫോണ്‍ കോള്‍ വന്നു, ജാവ തീയേറ്ററില്‍ കാണാന്‍ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കില്‍ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു.
ജീവനുള്ള സിനിമ,പണ്ട് ഞാനും ശ്രീനിയും ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്‌നങ്ങള്‍ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ല അല്ലേ.
സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചില്‍ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്,
നല്ല മനോഹരമായി തന്നെ നീ ആ കഥയില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ..
പണ്ട് അദ്ദേഹത്തോട് പത്മരാജന്‍ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയില്‍ എല്ലാരും നായകന്മാര്‍ ആണ്, അഭിനേതാക്കള്‍ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്.
അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാന്‍ ഉള്ളത്…
തുടരുക
അതെ തുടരണം
ഇപ്പോ ചിന്തിയ്ക്കുന്ന ഓരോ ചിന്തയ്ക്കും എന്തൊരു ഭാരമാണ്.

തീയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് ,വിനായകന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയില്‍ആവിഷ്‌കരിക്കുന്നതു കൂടിയാണ് ചിത്രം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്‌സ് ബിജോയ് ആണ്.