
1989 ജൂലൈ 7ന് പുറത്തിറങ്ങിയ ഒരു മലയാളം ചിത്രത്തിന്റെ പോസ്റ്ററിൽ ചിത്രത്തിലെ വില്ലനെ കുറിച്ചൊരു വാചകമുണ്ടായിരുന്നു. ‘ആറടി ഉയരവും മുട്ടോളം നീണ്ട കൈകളും കരിങ്കല്ലിന്റെ കാഠിന്യമുള്ള മനസ്സുമായി കീരിക്കാടൻ ജോസ്…. മുറിച്ചിട്ടാൽ മുറികൂടുന്ന ജോസ്!..’. മലയാള സിനിമകളിലെ ഏറ്റവും വെറുക്കപ്പെട്ട വില്ലൻ. ഒരുപക്ഷെ നായകനെക്കാൾ മുകളിൽ സ്കോർ ചെയ്ത വില്ലൻ. കഥാപാത്രത്തെ അനശ്വരമാക്കിയത് തിരുവനന്തപുരം സ്വദേശി “മോഹൻ രാജായിരുന്നു”. അതിനു ശേഷം നിരവധി കഥാപാത്രങ്ങൾ അയാൾ അനശ്വരമാക്കിയെങ്കിലും കീരിക്കാടന്റെ തട്ട് താണു തന്നെയിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വില്ലൻ മോഹൻരാജിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സാണ്. മോഹൻരാജിന് സെല്ലുലോയ്ഡിന്റെ ഓർമ്മപ്പൂക്കൾ.
തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തിലാണ് മോഹൻരാജ് ജനിച്ചത്. സുകുമാരൻ നാടാറിന്റെയും പങ്കജാക്ഷിയുടെയും രണ്ടാമത്തെ മകനായിരുന്ന അദ്ദേഹത്തിന് നാല് സഹോദരങ്ങളുമുണ്ടായിരുന്നു. യഥാർത്ഥ പേര് മോഹനരാജൻ. പികെഎസ് ഹൈയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 20-ാം വയസ്സിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് അഞ്ചു വർഷം സേവനമനുഷ്ഠിച്ചെങ്കിലും കാലിൽ കിട്ടിയ ഗുരുതര പരിക്ക് അദ്ദേഹത്തെ വിരമിക്കേണ്ട അവസ്ഥയിലാക്കി. പിന്നീട് നിരവധി മത്സരപരീക്ഷകളിൽ വിജയിച്ച് ആദ്യം സെൻട്രൽ എക്സൈസ് വകുപ്പിലും, പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും ജോലി തുടങ്ങി. അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസറായിരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സിനിമ അത്ഭുതകരമായി കടന്നുവരുന്നത്.
1988-ൽ പുറത്തിറങ്ങിയ മൂന്നാം മുറയിലൂടെയാണ് മോഹൻരാജ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഗുണ്ട കഥാപാത്രം ആയിരുന്നു അത്. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ അമരാനിടയായത് തൊട്ടടുത്ത വർഷം ചെയ്ത കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ്. സിബി മലയിലിന്റെ സംവിധാനവും, എസ് കുമാറിന്റെ ക്യാമറയും, ജോൺസൺ മാസ്റ്ററുടെ സംഗീതവും ചേർന്ന് മലയാള സിനിമയിലെ ഏറ്റവും ശക്തമായ കുടുംബ-സാമൂഹിക ഡ്രാമകളിൽ ഒന്നായി കീരീടം മാറി. സേതുമാധവന്റെ ജീവിതം തകർത്തു കളഞ്ഞ, തണുത്ത മനസ്സുള്ള, ക്രൂരനായ ഗുണ്ടയായ ജോസ്, മലയാള സിനിമയിലെ വില്ലന്മാരുടെ ചരിത്രത്തിൽ എന്നും മികച്ചു നിന്ന പേര്.
കിരീടത്തിനു ശേഷം മോഹൻരാജ് നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി. 1990-കളിലെ ‘ആറാം തമ്പുരാൻ, നരസിംഹം, നരൻ, മായാവി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം തന്നെ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. എപ്പോഴും നായകന്റെ ശക്തിയും ധൈര്യവും ഉയർത്തിക്കാട്ടുന്ന പ്രതിനായകനായാണ് അദ്ദേഹം സിനിമകളിൽ വരാറുണ്ടായിരുന്നത്. എന്നാൽ, “ഹലോ”പോലുള്ള സിനിമകളിൽ മോഹൻലാലിനൊപ്പമുള്ള സൗഹൃദവും, റോർഷാക്ക് (2022)യിലെ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്റെ കഥാപാത്രവും അദ്ദേഹത്തിന്റെ വൈവിധ്യം തെളിയിച്ചു.
മലയാള സിനിമയിൽ മാത്രം അല്ല, തമിഴിലും തെലുങ്കിലും അദ്ദേഹം 40-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ‘ധർമ്മ ദുരൈ, കർണ, ചന്ദ്രമുഖി തുടങ്ങിയ തമിഴ് സിനിമകളിലും, സമരസിംഹ റെഡ്ഡി, നരസിംഹ നായിഡു, ശിവമണി’ പോലുള്ള തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ശക്തമായ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
കിരീടത്തിൽ അനുവാദമില്ലാതെ അഭിനയിച്ചതിന്റെ പേരിൽ അദ്ദേഹം സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. അത് ഇരുപത് വർഷത്തോളം നീണ്ടു നിന്ന നിയമ പോരാട്ടമായി. ഒടുവിൽ 2010-ൽ സർവീസിൽ തിരിച്ചെടുത്തു. 2015-ൽ സ്വമേധയാ വിരമിച്ചു. ജീവിതത്തിലെ വലിയൊരു കാലഘട്ടം ‘സേവനവുമായുള്ള പോരാട്ടം’ എന്ന തലക്കെട്ടിലാണ് അദ്ദേഹം ജീവിച്ചത്. എന്നാൽ അതിനിടയിലും സിനിമയോടുള്ള പ്രണയം ഒരിക്കലും കൈവിടാതെ തുടരുകയും ചെയ്തു.
മോഹൻരാജിന്റെ കഥാപാത്രങ്ങൾ പലപ്പോഴും ക്രൂരമായിരുന്നു. എന്നാൽ, പ്രേക്ഷകർ അദ്ദേഹത്തെ വെറുത്തില്ല, മറിച്ച് അവർ ആരാധിച്ചു. കാരണം, വില്ലൻ കഥാപാത്രങ്ങളെ പോലും ജീവിക്കുന്നതുപോലെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ സ്വാഭാവിക പ്രകടനശൈലി അത്ഭുതകരമായിരുന്നു. ഭാര്യ ഉഷയും, മക്കളായ ജെയ്ഷ്മ, കാവ്യയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. വിരമിച്ചശേഷം ചെന്നൈയിൽ സ്ഥിരതാമസമാക്കി. 2024 ഒക്ടോബർ 3-ന്, 69-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
മോഹൻരാജിന്റെ ജീവിതവും കരിയറും മലയാള സിനിമയിലെ ഒരു പ്രത്യേക അധ്യായമാണ്. നായകന് എതിരാളി വേണമെങ്കിൽ, ആ നായകന്റെ വിജയം വലിയതായി തോന്നണമെങ്കിൽ, ആ വില്ലൻ ശക്തനായിരിക്കണം. അങ്ങനെ നോക്കുമ്പോൾ, മലയാള സിനിമയിലെ ഏറ്റവും ശക്തമായ വില്ലന്മാരിൽ ഒരാളായിരുന്നു മോഹൻരാജ്. മുറിച്ചാലും മുറികൂടുന്ന ജോസ്, സേതുമാധവന്റെ ജീവിതം തകർത്ത ജോസ്, ഇതെല്ലാം സിനിമയിലെ കഥാപാത്രങ്ങളായിരുന്നു. എന്നാൽ, സിനിമയ്ക്കപ്പുറം തന്റെ ജീവിതത്തിൽ പല പോരാട്ടങ്ങളും നേരിട്ട് വിജയിച്ച, കുടുംബത്തിനോടൊപ്പം സാധാരണക്കാരനെ പോലെ ജീവിച്ച ഒരാളായിരുന്നു മോഹൻരാജ്. ഇന്ന്, അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ മലയാള സിനിമ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. വില്ലൻ വേഷങ്ങളിലൂടെ ആയിരങ്ങളെ വിറപ്പിച്ചെങ്കിലും, ജീവിതത്തിലും സഹപ്രവർത്തകരുടെ ഹൃദയത്തിലും അദ്ദേഹം ഒരിക്കലും വില്ലനായിരുന്നില്ല പകരം സിനിമയുടെ കലാലോകത്തെ ശാശ്വതമായി പ്രകാശിപ്പിച്ച ഒരുനടനായിരുന്നു. അനശ്വര കലാകാരന് ഒരിക്കൽ കൂടി ഓർമപ്പൂക്കൾ