മൈ സ്‌റ്റോറിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായിക റോഷ്‌നി ദിനകറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. സംവിധായകന്‍ ഒമര്‍ ലുലുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖങ്ങളെ അണിനിരത്തി കൊണ്ടുള്ള ചിത്രത്തിന്റെ പേര് പ്രേക്ഷകരില്‍ നിന്നും സ്വീകരിക്കാനാണ് തീരുമാനമെന്നും ഒമര്‍ ലുലു പുതിയ സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് അറിയിച്ചു.
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് നിര്‍മ്മാതാവായ ഒമര്‍ ലുലുവും സംവിധായിക റോഷ്‌നി ദിനകറും പുതിയ പ്രഖ്യാപനം നടത്തിയത്. ഗോപി സുന്ദര്‍ തന്നെയാകും ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുക.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുക വിനോദ് പെരുമാളാണ്. സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവിയും എഡിറ്റിംഗ് ദിലീപ് ഡെന്നീസും നിര്‍വഹിക്കും. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ തികച്ചും നാടന്‍ പ്രണയകഥയാണ് പറയുന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് തങ്ങളെന്നും ഒമറും സംവിധായിക റോഷ്‌നിയും അറിയിച്ചു.