മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ്സ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളി സ്വദേശിയാണ്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

നൂറ്കണക്കിന് ശ്രദ്ധേയമായ മാപ്പിളപ്പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച എരഞ്ഞോളി മൂസ രാജ്യത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചത് അദ്ദേഹമായിരുന്നു. ഗ്രാമഫോണടക്കമുള്ള മലയാള സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുഞ്ഞാമിയാണ് ഭാര്യ. നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ എന്നിവരാണ് മക്കള്‍.