2016-ല്‍ ഒമര്‍ ലുലു എന്ന സംവിധായകന്‍ മലയാള സിനിമയ്ക്കും പുതുമുഖങ്ങള്‍ക്കും നല്‍കിയത് പുതിയ പാഠങ്ങളാണ്. സിനിമയുമായി യാതൊരു പശ്ചാത്തല അനുഭവവുമില്ലാതെ എത്തിയ ഒമര്‍ ലുലുവിന്റെ ആദ്യ മാജിക് അത്രയൊന്നും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാത്ത താരങ്ങളെ അണിനിരത്തിയ ഹാപ്പി വെഡിംഗ്‌സ് ആയിരുന്നു. വലിയ താരങ്ങള്‍ക്കോ, നിര്‍മ്മാതാക്കള്‍ക്കോ കാത്ത് നില്‍ക്കാതെ സ്വയം നിര്‍മ്മാതാവായതിനൊപ്പം കൂട്ടുകാരുടെ സഹായവുമായാണ് ഒമര്‍ വെള്ളിത്തിരയിലെത്തിയത്. ചെറിയ ബജറ്റില്‍ ലാഭം കൊയ്യുന്ന ‘ഒമര്‍ മാജിക്ക്’ ഹാപ്പി വെഡിംഗ്‌സില്‍ പ്രതിഫലിച്ചപ്പോള്‍ അടുത്ത സിനിമയായ ‘ചങ്ക്‌സ്’ ഒന്ന് കൂടെ ഒമറിനെ അടയാളപ്പെടുത്തിയിട്ടു. യുവത്വത്തിന്റെ പ്രസരിപ്പ്, പ്രണയം, ആഘോഷം ഇതെല്ലാം തന്നെയാണ് ഒമറിന്റെ താളം. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഗാനമിറങ്ങിയപ്പോള്‍ തന്നെ അന്താരാഷ്ട്രതലത്തിലാണ് ഗാനം ശ്രദ്ധിക്കപ്പെട്ടത്. ഒരൊറ്റ ഗാനത്തിന്റെ ചിത്രീകരണത്തോടെ തന്നെ സിനിമയുടെ കഥ മാറി, നിശ്ചയിച്ച നായികയും മാറി. വിമര്‍ശനങ്ങളെ ഏറ്റ് വാങ്ങുന്നതിനൊപ്പം സിനിമ ഒരു വ്യവസായം കൂടെയാണെന്ന ഉത്തമ ബോധ്യത്തില്‍ നിന്നുമാണ് യുവതയുടെ ചടുലമായ മനസ്സിനൊപ്പം അഡാര്‍ ലവുമായി വീണ്ടും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ ഒമര്‍ എത്തുന്നത്.
. അഡാര്‍ ലവിന്റെ വിശേഷങ്ങള്‍
.അഡാര്‍ ലവിന്റെ ഷൂട്ടൊക്കെ കഴിഞ്ഞു. ക്രിസ്തുമസ്സ് റിലീസായിട്ടാണ് പ്ലാന്‍ ചെയ്യുന്നത്. പശ്ചാതല സംഗീതമൊന്നും കഴിഞ്ഞിട്ടില്ല. അതല്ലൊം വൈകുകയാണങ്കില്‍ ജനുവരിയിലാവും റിലീസ് ചെയ്യുക.
. ഇടയ്ക്ക് ചിത്രത്തിനൊരു ബ്രെയ്ക്ക് വന്നു. എങ്ങനെയായിരുന്നു അപ്പോഴത്തെ മാനസ്സികാവസ്ഥ?
.സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോള്‍ ഒരു വിഷമം വരും. എനിക്ക് മാത്രമല്ല. എല്ലാവര്‍ക്കും അങ്ങനെയാണ്. അപ്പോള്‍ വിഷമം വരുമ്പോള്‍ വിഷമിക്കും. സന്തോഷം വരുമ്പോള്‍ സന്തോഷിക്കും. അതില്‍ മറ്റൊന്നുമില്ല.
. സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിയതെന്തിനാണ്?
. സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണം എന്നുള്ള തീരുമാനം ഞാനും നിര്‍മ്മാതാവും ഒരുമിച്ചെടുത്തതാണ്. സിനിമയിലെ ഒരു പാട്ടിലൂടെ പ്രിയാവാര്യര്‍ വളരെ ഉയരത്തിലെത്തി ഒപ്പം സിനിമയും. നമ്മളൊരു സിനിമ ചെയ്യുമ്പോള്‍ വെറുതേ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ല. ആ സിനിമ വിജയിക്കണം. ഒരുപാട് പണം ചെലവാക്കുന്ന നിര്‍മ്മാതാവുണ്ടാവും. അത് മാത്രമല്ല അഭിനയിക്കുന്നവരുമുണ്ടാവും. അപ്പോള്‍ ഇങ്ങനെയൊരു പോപ്പുലാരിറ്റി കിട്ടുമ്പോള്‍ നമ്മള്‍ അത് ഉപയോഗപ്രദമാക്കണം. അതിന് വേണ്ടിയിട്ടുള്ള കാര്യങ്ങളും ചര്‍ച്ചകളുമൊക്കെയായിരുന്നു. ഞാന്‍ ആദ്യമൊരു കഥ തയ്യാറാക്കിയിരുന്നു. പക്ഷെ എനിക്ക് തന്നെ ഒരു കോണ്‍ഫിഡന്‍സ് കിട്ടിയില്ല. പിന്നെയും ഞാനൊരു കഥ തയ്യാറാക്കി. അതില്‍ എനിക്കൊരു ആത്മവിശ്വാസം കിട്ടി. പിന്നീട് പ്രൊഡ്യൂസറുമായിട്ട് കഥയുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ വന്നു.പക്ഷെ ഇപ്പോള്‍ എല്ലാം കഴിഞ്ഞു. പടം ഭയങ്കര ക്ലീനായി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷം നിര്‍മ്മാതാവിനാണ്.
. പ്രിയ പെട്ടെന്നാണ് പാട്ടോടെ താരമായത്? ഇത് പിന്നീട് പടത്തിനെ ബാധിച്ചോ?
. ചിത്രം തുടങ്ങുമ്പോള്‍ സ്വാഭാവികമായും നൂറിനായിരുന്നു നായിക. പിന്നീട് പ്രിയ വളരെ പ്രശസ്തമായാപ്പോള്‍ പ്രിയയെ നായികയാക്കി. അപ്പോള്‍ ഞാന്‍ നൂറിനോട് പറഞ്ഞത് ചിത്രത്തില്‍ നൂറിന്റെ പ്രാധാന്യം കുറയില്ല എന്നാണ്. പക്ഷെ ഒരുപാട് പേര്‍ നൂറിന്റെ പിറകില്‍ അങ്ങനെ ചെയ്യരുത്.. ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് വന്നു. സിനിമയിലെ ഏറ്റവും വലിയ പ്രശ്‌നമിതാണ്. ഒരുപാട് പേരുണ്ടാവും ഇങ്ങനെ ഓരോന്ന് പറഞ്ഞ് സ്‌ക്രൂ ചെയ്യാന്‍. പക്ഷെ നൂറിന്‍ ഞങ്ങളെ വിശ്വസിച്ച് ചിത്രം ചെയ്തു.
ഇപ്പോള്‍ നല്ല രസമായിട്ടുണ്ട്. നൂറിനായാലും പ്രിയയായാലും റോഷനായാല്‍പ്പോലും വളരെ ഹാപ്പിയായിട്ടാണ് പോകുന്നത്.
.ഇനി എന്തെങ്കിലും അത്ഭുതങ്ങള്‍ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ..
. (ചിരിക്കുന്നു) അങ്ങനെ ഭയങ്കര അത്ഭുതങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല ലവ് സ്റ്റോറിയാണ്. പിന്നെ എനിക്ക് തോന്നുന്നത് ഇങ്ങനെയുള്ള പ്ലസ് ടു കുട്ടികളുടെ ഒരു ലവ് സ്‌റ്റോറിയൊക്കെ അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളൊക്കെ വന്നിട്ട് കുറേനാളായി. അപ്പോള്‍ എന്തായാലും എല്ലാവര്‍ക്കും ഇഷ്ടപ്പെടും. പിന്നെ ഒരു പുതുമ ഉണ്ട് ഈ ചിത്രത്തില്‍. അതെന്തായാലും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
.പുതുമുഖങ്ങള്‍ സംവിധായകന് വലിയൊരു ബാധ്യതയല്ലേ
.എന്റെ അഭിപ്രായത്തില്‍ പുതുമുഖങ്ങളെ കൈകാര്യം ചെയ്യാനാണ് ഏറ്റവും എളുപ്പം. എക്‌സ്പീരിയന്‍സായിട്ടുള്ളൊരു അഭിനേതാവിന്റെയടുത്ത് ചെന്നിട്ട് കഥ പറയുമ്പോള്‍ ഡേറ്റിന്റെ പ്രശ്‌നമുണ്ടാവും. എനിക്കിത് ഓക്കെ അല്ല, എനിക്ക് ഈ തിയതി പറ്റില്ല, ചിലപ്പോള്‍ അഞ്ചാമത്തെയോ ആറാമത്തെയോ ടേക്കില്‍ ആളുടെ മുഖം മാറും. ഇവിടെ അങ്ങനെയൊന്നും പ്രശ്‌നമില്ല. 22 ടേക്കൊക്കെ അഡാര്‍ ലവിന്റെ സമയത്ത് വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് പുതിയ കുട്ടികളെ വെച്ച് സിനിമ ചെയ്യുന്നതാണ് ഏറ്റവും സൗകര്യം.
. പുതുമുഖമായ പ്രിയ വലിയ താരമായപ്പോള്‍ വന്ന മാറ്റം?
.അത് എല്ലാം അവരെ സംബന്ധിച്ച കാര്യമാണ്. എന്നെ സംബന്ധിച്ച് പ്രിയ ആദ്യമായിട്ട് എന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന കുട്ടിയാണ്. ഈ ചിത്രം റിലീസായിട്ട് കൂടിയില്ല. എന്നെ സംബന്ധിച്ച് പ്രിയ ഒരു ആര്‍ട്ടിസ്റ്റാണ്. ഈ ചിത്രം ഇറങ്ങി കഴിയുമ്പോള്‍ പ്രിയ ആരാണ്, എന്താണ് പ്രിയയുടെ അഭിനയം എന്നൊക്കെ പ്രേക്ഷകരാണ് പറയണ്ടത്. ആരാണ് ഈ ചിത്രത്തില്‍ നന്നായി അഭിനയിച്ചത് അല്ലെങ്കില്‍ അവരെങ്ങനെ ഈ കഥാപാത്രം ചെയ്തു എന്നൊക്കെ ഞാന്‍ പറഞ്ഞിട്ട് കാര്യമില്ല.
. സോഷ്യല്‍ മീഡിയയിലെ ഒറ്റ ദിവസത്തെ താരമാകലിനെ എങ്ങിനെ നോക്കി കാണുന്നു
.അത് സ്വാഭാവികമായിട്ട് ഉണ്ടാകുന്നതാണ്. ഒറ്റയടിക്ക് ഉയരത്തിലെത്തുമ്പോള്‍ ശത്രുക്കളുമുണ്ടാവുന്നു. അല്ലെങ്കില്‍ എങ്ങനെയെങ്കിലും ഇവര്‍ തകരണം എന്നൊക്കെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ടാവും. ഒരു തവണ ഒരാള്‍ക്ക് ലോട്ടറിയടിക്കും. പക്ഷെ അത്‌കൊണ്ട് അയാള്‍ക്ക് എപ്പോഴും അടിക്കണമെന്നില്ല. കഴിവുള്ള ആള്‍ ആ ഫീല്‍ഡില്‍ എങ്ങനെ വന്നാലും നിലനില്‍ക്കുകതന്നെ ചെയ്യും.
.ഒരു സംവിധായകനെന്ന നിലയില്‍ പ്രിയ താരമായി നിലനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ?
.അത് ഞാനല്ല പറയേണ്ടത്. എനിക്ക് ഓക്കെ ആയ ടേക്ക് ഞാന്‍ ഈ സിനിമയില്‍ എടുത്തിട്ടുണ്ട്. അടുത്ത സിനിമയില്‍ അവള്‍ എങ്ങനെ അഭിനയിക്കും, പിന്നെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ തുടങ്ങിയ കാര്യങ്ങളെല്ലാമനുസരിച്ചരിക്കും. നന്നായിട്ടഭിനയിച്ചിട്ട് മാത്രം കാര്യമില്ല. നല്ല സ്‌ക്രിപ്റ്റ് നോക്കി തെരഞ്ഞെടുക്കാന്‍ അറിയണം. സിനിമയുടെ പ്രത്യേകതയും അതാണ്. ഒരുപാട് കാര്യങ്ങള്‍ അതില്‍ നോക്കാനുണ്ട്. ഒരു പക്ഷെ നന്നായിട്ട് അഭിനയിച്ചു, നല്ല കഥ, പക്ഷെ അത് നല്ല രീതിയില്‍ തിയേറ്ററില്‍ എത്തണം. ജനങ്ങളിലേക്കെത്തണം. എന്നാല്‍ മാത്രമേ നമ്മള്‍ ഒരു നല്ല കഥാപാത്രം ചെയ്താലും ആളുകള്‍ അറിയൂ. അല്ലെങ്കില്‍ അത് അറിയപ്പെടാതെ പോകും.
.ആക്ടര്‍-ഡയറക്ടര്‍ കെമിസ്ട്രി സിനിമയുടെ വിജയത്തിന് അത്യാന്താപേക്ഷിതമല്ലേ?
. ഈ ചിത്രം ഞാന്‍ ചെയ്യുമ്പോള്‍ ആദ്യത്തെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഈ രീതിയില്‍ തന്നെ പോയാല്‍ ചിത്രം ആളുകള്‍ക്ക് ഇഷടപ്പെടില്ല എന്ന്. ഒന്നാമത് പുതിയ കുട്ടികളാണ് അഭിനയിക്കുന്നത്. നമ്മള്‍ എഴുതിയ പോലെ അവര്‍ പെര്‍ഫോം ചെയ്യണമെന്നില്ല. ഈ പണ്ടുള്ളവര്‍ പറയുന്നപ്പോലെ തെളിച്ച വഴിക്ക് പോയില്ലെങ്കില്‍ പോയ വഴിക്ക് തെളിക്കുക എന്നൊരു രീതിയിലായിരുന്നു ഞങ്ങള്‍ ചെയ്തത്. അത് വര്‍ക്ക് ഔട്ടായിട്ടുണ്ട്. അതാണ് ഇൗ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമ.
. യുവത്വത്തിന്റെ ആഘോഷമാണ് ഒമര്‍ ഹൈലൈറ്റ്… ചങ്ക്‌സില്‍ ഡബിള്‍ മീനിംഗ് കൂടി എന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ എങ്ങിനെ കാണുന്നു?
.അതിപ്പോള്‍ ഹാപ്പിവെഡ്ഡിംഗ് ചെയ്തത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്. അതിന്റെ പേര് തന്നെ കാണുമ്പോള്‍ മനസ്സിലാവും. ഹാപ്പി വെഡ്ഡിംഗ്. ഒരു സന്തോഷമായിട്ടുള്ള കല്ല്യാണം. ചങ്ക്‌സ് എന്ന സിനിമ ചെയ്തത് പ്രധാനമായും യൂത്തിനെ ലക്ഷ്യമിട്ട് കൊണ്ടാണ്. അപ്പോള്‍ അങ്ങിനയുള്ള ഭാഷയാണ് ഉപയോഗിക്കുക. ഒരു എഴുപത് ശതമാനത്തോളം കുട്ടികളും ഉപയോഗിച്ച് വരുന്ന വാക്കുകളും അവരുടെ അടിച്ചു പൊളിയും ജീവിത രീതികളും എല്ലാം ഉള്‍പ്പെടുത്തിയതാണ് ചങ്ക്‌സ്. ഒരു റിയാലിറ്റി ലൈനില്‍ വരുന്ന സിനിമയാണത്..
അപ്പോള്‍ ആ സിനിമയ്ക്ക് അങ്ങനെയുള്ള ഭാഷവരും. ഇത് ശ്രദ്ധിക്കപ്പെട്ടുകഴിയുമ്പോഴാണ് വിമര്‍ശനങ്ങള്‍ വരുക. ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷം മാത്രം.
.സിനിമ ഒറ്റയടിക്ക് ചെയ്ത് കളയാം എന്ന കോണ്‍ഫിഡന്‍സ് എങ്ങനെയാണ് ഉണ്ടായത്?
.ബേസിക്കലി അതൊരു കോണ്‍ഫിഡന്‍സല്ല, അതൊരു മണ്ടത്തരമായാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ പേടിതോന്നും…(ചിരിക്കുന്നു).. അന്ന് ഒരു ആവേശത്തില്‍ എടുത്തതാണ്. പിന്നെന്തൊക്കെയോ ഭാഗ്യം കാരണം രക്ഷപ്പെട്ടു. ഇനി ഇപ്പോ ആരേലും വന്നു ഹാപ്പിവെഡ്ഡിംഗ് പോലൊരു സിനിമ ഞാന്‍ എടുത്തോട്ടെ എന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെ പറയും അയ്യോ മോനെ കുറേ സംഭവങ്ങള്‍ ഉണ്ട് എന്നൊക്കെ.
. എങ്ങനെയായിരുന്നു ആദ്യ സിനിമയുടെ തുടക്കം?
.ഹാപ്പിവെഡ്ഡിംഗ് നിര്‍മ്മിച്ചത് ഞാനും എന്റെ മൂന്ന് സുഹൃത്തുക്കളുംചേര്‍ന്നാണ്. അവര്‍ക്ക് എന്നെ വലിയ വിശ്വാസമാണ്. ഞാന്‍ എന്ത് ചെയ്താലും അത് വര്‍ക്കd ഔട്ടാക്കിയെടുക്കും എന്നാണവരുടെ വിശ്വാസം. എന്റെ കൂടെ ബിസിനസ്സിലും അവര്‍ തന്നെയായിരുന്നു പാര്‍ട്ണര്‍മാര്‍. അവരുടെ വിശ്വാസവും പിന്നെ ഒരുപാട് കഠിന പ്രയത്‌നവും നടത്തിയിട്ടുണ്ട്. ഹാപ്പിവെഡ്ഡിംഗ് ഇറങ്ങി ആദ്യത്തെ ദിവസമൊന്നും ഒട്ടും കളക്ഷനുണ്ടായിരുന്നില്ല. ആകെ 22 തിയേറ്ററുകളിലാണ് ഷോ കിട്ടിയത്. അതും ഒന്നൊ രണ്ടോ ഷോ വെച്ചിട്ടായിരുന്നു കിട്ടിയത്. അവിടുന്ന് അത് പ്രമോട്ട് ചെയ്ത് കയറ്റാന്‍ പറ്റിയത് ജനങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ച് നല്ലൊരു പബ്ലിസിറ്റി തന്നതു കൊണ്ടാണ്. നമുക്ക് തന്നൊരു ഗിഫ്റ്റായി അതിനെ കാണാം. ജനങ്ങളുടെ ഒരു സ്‌നേഹവും ദൈവത്തിന്റെ അനുഗ്രഹവുമെല്ലാമായി അതിനെ കാണാം..
.സ്വന്തം ആശയങ്ങള്‍വെച്ചാണൊ അതോ സമാനമനസ്‌ക്കരുമായി സംസാരിച്ചാണൊ സ്‌ക്രിപ്റ്റ് എഴുതാറുള്ളത്.
. സ്‌ക്രിപ്റ്റ് എന്ന് പറയുമ്പോള്‍ ഇതിന്റെയൊക്കെ കഥ എന്റേതാണ്. എനിക്ക് സത്യത്തില്‍ എഴുതാന്‍ മടിയാണ്. പിന്നെ നമ്മളുമായിട്ട് യോജിച്ച് പോകുന്നതാരാണോ അവരുമായിട്ടങ്ങ് സ്‌ക്രിപ്റ്റ് ചെയ്യും. ഇതില്‍ പുതിയ രണ്ട് പേരാണ്. സാരംഗ്, ലിജോ എന്നിവര്‍. എന്റെ അടുത്ത സിനിമയിലേക്കും അവരെ തന്നെയാണ് വിളിച്ചിട്ടുള്ളത്. അപ്പോള്‍ പരമാവധി പുതിയ ആള്‍ക്കാര്‍ക്കും അവസരം ലഭിക്കും.
.പ്രിയയ്ക്ക് ഇപ്പോള്‍ എവിടെയും ഡിസ്‌ലൈക്ക് ആണ് …സിനിമയെ ബാധിക്കുമോ?
. അങ്ങിനെയൊന്നുമില്ല. നല്ല സിനിമയാണെങ്കില്‍ അതില്‍ ആര് അഭിനയിച്ചാലും, അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യം അതില്‍ ഉണ്ടെങ്കില്‍ ആ സിനിമ വിജയിക്കും. ഒരു താരമഭിനയിച്ചതിന്റെ പേരില്‍ സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യില്ല. ആ ഒരു വിശ്വാസത്തിലാണ് മുമ്പോട്ട് പോകുന്നത്.
. ഫ്യൂച്ചര്‍ പ്രോജക്ടുകള്‍
.രണ്ട് മൂന്നെണ്ണം ഉണ്ട്. അടുത്തത് ഒരു ലവ് സ്റ്റോറിയാണ്. അത് കഴിഞ്ഞിട്ട് റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദിന്റെ പവര്‍ സ്റ്റാര്‍ എന്നൊരു ബിഗ് ബഡ്ജറ്റ് സിനിമയാണ്. ബാബു ആന്റണിയാണ് നായകന്‍. ഇത് രണ്ടുമാണ് ഏകദേശം തീര്‍ച്ചയായിട്ടുള്ളത്. വേറെയും കുറേ പ്രൊജക്ട്‌സ് ഉണ്ട്. ഡിസ്‌കഷനിലാണ്.
. ലവ് സ്റ്റോറി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം
ലവ് സ്റ്റോറിയാണ് പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി ഇഷ്ടപ്പെടുക. ഉദാഹരണമായി ഇപ്പോള്‍ എന്റെ സിനിമയില്‍ വലിയ ആര്‍ട്ടിസ്റ്റുകളൊന്നും ഇല്ലാതിരിക്കുമ്പോള്‍ പരമാവധി നല്ല ഫുഡ് കൊടുക്കാന്‍ ശ്രമിക്കുക. അപ്പോള്‍ ഓഡിയന്‍സ് വരും. അത്രയേ ഉള്ളൂ.
.ആദ്യം പവര്‍ സ്റ്റാറല്ലെ അനൗണ്‍സ് ചെയ്തത്. പിന്നെങ്ങനെ വീണ്ടും ലവ് സ്‌റ്റോറിയായി?
. ആദ്യം പവര്‍സ്റ്റാറാണ് അനൗണ്‍സ് ചെയ്തതെങ്കിലും അതിന് മുമ്പേ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നതാണ് ആ ചിത്രം. അതിന് പറ്റിയ ഒരു സ്റ്റോറി കിട്ടിയില്ലായിരുന്നു. ഇപ്പോള്‍ നല്ലൊരു കഥ വന്നിട്ടുണ്ട്. അത് പവര്‍സ്റ്റാറിന് മുന്നേ ചെയ്താല്‍ കുറച്ചുകൂടെ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെ സി.എച്ച് മുഹമ്മദ് ഇക്കയുമായ് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും കുഴപ്പമില്ല. മാസ്റ്റര്‍ പീസ് സിനിമയുടെ തമിഴ് ഡബ്ബ് വരുന്നതിന്റെ
തിരക്കിലാണദ്ദേഹം.
. പുതിയ സിനിമയുടെ ബാനറും കാര്യങ്ങളും തീരുമാനിച്ചോ?
.ഒന്നും തീരുമാനിച്ചിട്ടില്ല. കോഴിക്കോടിനേ ആസ്പദമാക്കിയുള്ള ഒരു ലവ് സ്റ്റോറിയാണ.് പ്രാദേശിക ഭാഷയൊന്നും ഉള്‍പ്പടെുത്തുന്നില്ല. എല്ലായിടത്തും റീച്ച് കിട്ടുന്ന രീതിയിലുള്ള ഒരു സിനിമയാണത്.
. പവര്‍ സ്റ്റാറിലൂടെ ബാബു ആന്റണി ഒരു ഇടവേളയ്ക്ക് ശേഷം നായകനാവുകയാണ്. അദ്ദേഹത്തെ നായകനാക്കാനുള്ള ധൈര്യം?
. എനിക്കല്ല ധൈര്യം വേണ്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവിനാണ് ധൈര്യം വേണ്ടത്. ഞാന്‍ ആരെ കിട്ടിയാലും സിനിമ ചെയ്യും. നല്ലൊരു നിര്‍മ്മാതാവിനെ കിട്ടി. അതില്‍ വളരെ സന്തോഷം.
. ബാബു ആന്റണിയിലേക്കെത്തിയത്?
എനിക്ക് ബാബു ആന്റണിയെ ചെറുപ്പം മുതല്‍ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഫൈറ്റ് സീനും ആക്ഷന്‍സുമെല്ലാം സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര സംഭവമായിരുന്നു. എനിക്ക് ഒരു മാസ് സിനിമ അല്ലെങ്കില്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിനെ വെച്ച് സിനിമ ചെയ്യാമെന്ന് കരുതി. എന്റെ അഭിപ്രായത്തില്‍, ആരും ഇത് വരെ ബാബു ആന്റണി എന്ന നടന്റെ കഴിവുകള്‍ ശരിക്കും ഉപകാരപ്പെടുത്തിയിട്ടില്ല. അപ്പോള്‍ ഒരു നല്ല സിനിമ, നല്ല ബഡ്ജറ്റില്‍ ഇപ്പോഴത്തെ ടെക്‌നിക്കില്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ നല്ലൊരു ഔട്ട് ഉണ്ടാക്കാന്‍ പറ്റും എന്നൊരു വിശ്വാസമുണ്ട്. അങ്ങനെയാണ് ബാബു ആന്റണിയുടെ അടുത്ത് ചെന്ന് ഈ പ്രൊജക്ടിനെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിനും നല്ല താല്‍പ്പര്യമായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഹീറോ ആയിട്ട് വരുന്നു എന്നും പറയുമ്പോള്‍ അദ്ദേഹത്തിനും വളരെ സന്തോഷമുള്ള കാര്യമാണത്.
.സണ്ണി ലിയോണിനെവെച്ച് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് കേട്ടു. പിന്നീട് അതേക്കുറിച്ച് ഒന്നും ഉണ്ടായില്ല?
അഡാര്‍ ലൗവിന്റെ റിലീസ് കാരണം ഞങ്ങള്‍ക്ക് പറഞ്ഞ ഡേറ്റില്‍ പ്രശ്‌നങ്ങള്‍ വന്നു. നവംബറായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തത്. പിന്നീടത് ഡിസംബറായി ജനുവരിയായി. അങ്ങനെ ഞങ്ങള്‍ അവരുടെ പി.ആര്‍.ഒയുടെ അടുത്ത് രണ്ട് മൂന്ന് തവണ പറഞ്ഞതോടെ പ്രശ്‌നം വന്നു. അതാണ് ഡിലേ ആയി നില്‍ക്കുന്നത്.
.പ്രൊഡക്ഷന്‍ ഹൗസിനെ കുറിച്ച്
.സിനിമ ആഗ്രഹിച്ച് നടക്കുന്ന ഒരുപാട് പേരുണ്ട്. അവരെയൊക്കെ സിനിമയിലേക്ക് എത്തിക്കുക.എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടാക്കിയത് . മലയാളത്തില്‍ നല്ല കുറച്ച് കളര്‍ഫുള്‍ സിനിമചെയ്യുക, യൂത്തിനിഷ്ടപ്പെടുന്ന എന്റര്‍ടെയ്ന്‍മെന്റ് ചിത്രങ്ങള്‍ ചെയ്യുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് തുടങ്ങിയിട്ടുള്ളത്.
എത്രപേരുടെ കൂട്ടായ്മയാണ്
.വേറേയും നിര്‍മ്മാതാക്കളുണ്ട്. അപ്പോള്‍ ഞാനും അവരെല്ലാവരും ചേര്‍ന്ന് യൂത്തിന് വേണ്ടി കുറേ പുതിയ ആളുകളെ കൊണ്ടു വരാം എന്ന തീരുമാനത്തിലാണ്. എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ഒമര്‍ ലുലു എന്റര്‍ടെയ്‌മെന്റ്‌സിലൂടെ ഒരുപാട് പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കും
.ഫാമിലിയെക്കുറിച്ച്
.എനിക്ക് പപ്പ, അമ്മച്ചി, ഭാര്യ, പിന്നെ രണ്ട് കുട്ടികളാണ് ഉള്ളത്. ഭാര്യയും കുട്ടികളും അലൈനിലാണ്. മകന്‍ ഇഷാന്‍ അവിടെയാണ് പഠിക്കുന്നത്. മകളെ അടുത്ത വര്‍ഷം സ്‌ക്കൂളില്‍ ചേര്‍ത്തും. ഭാര്യയുടെ പേര് റിന്‍ഷി എന്നാണ്.വളരെ സന്തോഷത്തോടെ പോകുന്നു.
. അഡാര്‍ സംഘത്തെ കുറിച്ച്?
. ചിത്രത്തതിന്റെ ഡി.ഒ.പി സിനു സിദ്ധാര്‍ത്ഥാണ്. ഞാന്‍ ഹാപ്പി വെഡ്ഡിംഗ്‌സ് ചെയ്തപ്പോഴും സിനുവായിരുന്നു. എന്റെ ഒരു ഗുരു കൂടിയാണ് അദ്ദേഹം. ഞന്‍ ഇത് വരെ ഈ ഫീല്‍ഡില്‍ ആരുടെയും കൂടെ അസിസ്റ്റന്റായൊന്നും നിന്നിട്ടില്ല. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യാറുള്ളത്. ചങ്ക്‌സ് ചെയ്തപ്പോള്‍ ആല്‍ബിയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിനോടും ചോദിച്ച് മനസ്സിലാക്കും.ഞാനിങ്ങനെ സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് ഈ കാര്യത്തില്‍ അങ്ങനെ നാണമൊന്നുമില്ല. എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കുന്ന ഒരാളാണ് ഞാന്‍.
.യൂത്തില്‍ നിന്ന് വ്യത്യസ്ഥമായി സിനിമ
. അതാണ് ഇപ്പോള്‍ ബാബു ആന്റണി നായകനായിട്ടുള്ള സിനിമ. പണ്ട് ഹീറോ ആയിരുന്ന ഒരാള്‍ ഇപ്പോള്‍ നായകനാവുന്നു. അപ്പോള്‍ യൂത്തിന്റ സിനിമ മാത്രമല്ല അവരുടെ സിനിമയും ചെയ്യണമെന്നാഗ്രഹമുണ്ട്. പക്ഷെ അതിന് പറ്റിയ നിര്‍മ്മാതാക്കളെ കിട്ടുന്നില്ല. എല്ലാവര്‍ക്കും ഈ മോഡല്‍ സിനിമ മതി. പോലീസുകാരനായൊരിക്കല്‍ വേഷം ചെയ്താല്‍ പിന്നെ അതേ പോലെ എന്നുള്ള അവസ്ഥയാണ്. എല്ലാവര്‍ക്കും ഇങ്ങനെയുള്ള സിനിമ മതി.
. മുന്‍പ് ചാനലില്‍ വന്ന ഒരു അഭിമുഖത്തിന്റെ പേരില്‍ ഒമറിനെ വളരെയധികം സോഷ്യല്‍ മീഡിയ വേട്ടയാടി….അതിനെ കുറിച്ച്?
. തീര്‍ച്ചയായും ഉണ്ടായിരുന്നു. ഞാനന്ന് ആ ഇന്റര്‍വ്യൂന് പോയത് അഡാര്‍ ലവിലെ പാട്ടിനെ സംബന്ധിച്ചുള്ള ഇന്റവ്യൂ ആണെന്ന് കരുതിയിട്ടാണ്. പക്ഷെ അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചത് പൂര്‍ണമായും ഫാന്‍ ഫൈറ്റ് ഗ്രൂപ്പിനെ കുറിച്ചായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റ് പോയാല്‍ അത് നമ്മള്‍ അഡ്മിറ്റ് ചെയ്ത പോലെയായിരിക്കും. ഞാന്‍ ഒരു ഗ്രൂപ്പിലുണ്ടെന്ന് കരുതി അതിന്റെ ചോദ്യങ്ങള്‍ എന്നോടല്ല ചോദിക്കേണ്ടത്. അതിന്റെ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അതിന്റെ അഡ്മിന്റെ അടുത്താണ്. ഒരുപാട് ഗ്രൂപ്പുകളിലുണ്ട് ഞാന്‍ ആക്ടീവുമാണ്. ഗ്രൂപ്പിലെ നിയമമെന്താണ്. അല്ലെങ്കില്‍ എത്തരത്തിലുള്ള ഗ്രൂപ്പാണെന്ന് കരുതിയിട്ടല്ല അത് ഫോളാ ചെയ്യുന്നത്. ചിലപ്പോള്‍ നമുക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ വരും താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ വരും. ജസ്റ്റ് ഫോളോ ചെയ്യുക. ഇടയ്ക്ക് ഒരോ പോസ്റ്റ് ഇടുക. പക്ഷെ ഞാന്‍ ആ ഗ്രൂപ്പ് നടത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് എന്നോട് ചോദിച്ചത്. ആ സമയത്ത് പ്രതികരിക്കാതിരിക്കുന്നതാണ് ശരിക്കും നന്നായത്. ചിലപ്പോള്‍ എന്നെ തെറി വിളിച്ചിട്ടുള്ള പോസ്റ്റുകള്‍ അതില്‍ കാണാറുണ്ട്. ഞാന്‍ അതുപോലെതന്നെ കാണുകയും, ചിരിക്കുകയും, ചിലപ്പോള്‍ അതേ രീതിയില്‍ തന്നെ മറുപടി കൊടുക്കുകയും ചെയ്യാറുണ്ട്. ഒരു കപടത ആവശ്യമില്ല. പിന്നീട് ഞാന്‍ ചാനലിലുള്ളവരോട് അവരെന്തായാലും ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു.