പുലിമുരുകനാണ് പ്രതീക്ഷിച്ചതെങ്കില്‍ സോറി,വളഞ്ഞിട്ട് ആക്രമിക്കാന്‍ മാത്രമുള്ള തെറ്റ് ഒടിയന്‍ ചെയ്തിട്ടില്ല- ശ്രീകുമാര്‍ മേനോന്‍

','

' ); } ?>

മോഹന്‍ലാല്‍ ചിത്രം ഒടിയന് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍. ഒടിയനൊരു മാസ് എന്റെര്‍ടൈയ്‌നര്‍ ആകുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഒടിയനൊരു മാസ് ആക്ഷന്‍ സിനിമയല്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.മോഹന്‍ലാല്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഒടിയന് വേണ്ടിയെന്നും വളഞ്ഞിട്ട് ആക്രമിക്കാന്‍ മാത്രമുള്ള തെറ്റ് ഒടിയന്‍ ചെയ്തിട്ടില്ലെന്നും പറയുന്നു.ആദ്യ ഷോ അവസാനിക്കുന്നതിനും മുമ്പ് ക്ലൈമാക്‌സ് മോശമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍..

എന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയന്‍. പ്രേക്ഷകര്‍ വേറൊരു പുലിമുരുകനാണ് പ്രതീക്ഷിച്ചതെങ്കില്‍ സോറി. അതിനാണെങ്കില്‍ പുലിമുരുകന്റെ രണ്ടാം ഭാഗം പിടിച്ചാല്‍ മതിയായിരുന്നു. ഒന്നും തെളിയിക്കാനല്ല ഒടിയന്‍ സംവിധാനം ചെയ്തത്. വര്‍ഷത്തില്‍ മൂന്നു സിനിമ വീതം ചെയ്യണമെന്ന ഉദ്ദേശ്യവുമില്ല. മോഹന്‍ലാല്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഒടിയന് വേണ്ടി. വളഞ്ഞിട്ട് ആക്രമിക്കാന്‍ മാത്രമുള്ള തെറ്റ് ഒടിയന്‍ ചെയ്തിട്ടില്ല.

എത്രയോ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വന്ന് കോടികള്‍ നേടി പോകുന്നു. എന്നാല്‍ മലയാള സിനിമകള്‍ പുറത്ത് നിന്നും നേടുന്ന കളക്ഷന്‍ പരമാവധി 80 ലക്ഷമോ 90 ലക്ഷമോ ആണ്. സിനിമയെ ഒരു പ്രൊഡക്ടായി കണ്ട് അതിനെ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് ഫലം കാണുകയും ചെയ്തു. മുംബൈയിലും ചെന്നൈയിലുമെല്ലാം പ്രധാന തിയേറ്ററുകളിലാണ് മലയാളം ചിത്രമായ ഒടിയന്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കേരളത്തിന് പുറത്തുള്ള വിപണി ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം നടത്തിയത്. റെക്കോര്‍ഡ് ഭേദിക്കുന്ന നേട്ടമാണ് കേരളത്തിന് പുറത്തു നിന്നും ലഭിക്കുന്നത്.

മോഹന്‍ലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയില്‍ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എണ്‍പതുകളിലെ ലുക്കിലുള്ള മോഹന്‍ലാലിനെയാണ് കാണിച്ചത്.

ഒടിയന് ഹൈപ്പ് നല്‍കിയതില്‍ കുറ്റബോധമില്ല. ചിത്രത്തിനു ഇതുവരെ 39.14 കോടി കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു. എല്ലാ ആളുകളെയും തൃപ്തിപ്പെടുത്തി ചിത്രമെടുക്കാന്‍ കഴിയില്ല. രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എംടിയുമായുള്ളതു തര്‍ക്കമല്ല. തെറ്റിദ്ധാരണകള്‍ മാത്രമാണ്. രണ്ടാമൂഴം നടക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.