ദുര്‍ഗാദേവിയായ നുസ്രത്ത് ജഹാന് വധഭീഷണി

ദുര്‍ഗാദേവിയായി വേഷമിട്ടതിനു തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമാതാരവുമായ നുസ്രത്ത് ജഹാന് സമൂഹമാധ്യമങ്ങളില്‍ വധഭീഷണി.പരസ്യത്തിന്റെ ഭാഗമായാണ് താരം വേഷമിട്ടത്. സെപ്റ്റംബര്‍ 16, 19 തീയതികളിലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണി. ദേവിയായി വസ്ത്രം ധരിച്ച്, ത്രിശൂലം കയ്യിലേന്തിയുള്ള ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയില്‍നിന്നും ബംഗ്ലദേശില്‍നിന്നും ഭീഷണികള്‍ വന്നുതുടങ്ങിയെന്നാണു പരാതി.

ഷൂട്ടിങ്ങിനായി താരം 27ന് ലണ്ടനിലേക്ക് പോയി. നടിയുടെ ഓഫിസാണു വധഭീഷണിയെപ്പറ്റി അധികൃതരെ അറിയിച്ചിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചിട്ടുണ്ടെന്നും അധിക സുരക്ഷയുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ‘മതനിരപേക്ഷവും സമഗ്രവുമായ കാഴ്ചപ്പാടിനാണു നുസ്രത്ത് ജഹാന്‍ നിലകൊണ്ടിട്ടുള്ളത്. ഈ ട്രോളുകളും ഭീഷണികളും അവരെ പിന്തിരിപ്പിക്കില്ല’ നടിയുടെ അടുത്ത സുഹൃത്ത് പറഞ്ഞു.