ജൂനിയര്‍ എന്‍ടിആർ 30 തുടങ്ങുന്നു

ജനത ഗാരേജിന് ശേഷം ജൂനിയര്‍ എന്‍ടി.ആറും കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെ 30 സിനിമയായി ഒരുങ്ങുന്ന ചിത്രം എന്‍.ടി.ആര്‍ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാന്‍ ഇന്ത്യനായാണ് ചിത്രം ഒരുങ്ങുന്നത്. യുവസുധ ആര്‍ട്‌സ് മിക്കിലിനെനി സുധാകറും എന്‍.ടി.ആര്‍ ആര്‍ട്‌സിന്റെ ബാനറില്‍ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ രണ്ടാം പകുതിയില്‍ ആരംഭിക്കും. 2022 ഏപ്രില്‍ 29 ന് ചിത്രം ബഹുഭാഷകളിലായി റിലീസ് ചെയ്യും.2016 ലാണ് ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.