
എമ്പുരാന് സിനിമയെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഇന്റര്‍നെറ്റ് പരിധിക്കുള്ളിലായിരുന്നുവെന്നും, യഥാര്‍ത്ഥമായ ഒരു ജനകീയ പ്രതികരണം കേരളത്തില്‍ ഉണ്ടായില്ലെന്നും എഴുത്തുകാരന് എന്‍. എസ്. മാധവന് അഭിപ്രായപ്പെട്ടു. കോഴിക്കോട് സാംസ്കാരിക വേദി നടത്തിയ പരിപാടിയില്‍ മുസാഫര്‍ അഹമ്മദുമായി നടത്തിയ സംഭാഷണത്തിലാണ് മാധവന് ഇക്കാര്യം വ്യക്തമാക്കിയത്.
“മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്ത മെര്‍സല്‍ എന്ന സിനിമയെതിരെ ആക്രമണം നടന്നപ്പോള്‍ രജനികാന്തും കമല്‍ ഹാസനും ഉള്‍പ്പെടെ മുഴുവന്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയും ഒറ്റക്കെട്ടായി പിന്തുണച്ചിരുന്നു. പക്ഷേ, എമ്പുരാനെക്കുറിച്ച് അത്ര ശക്തമായ പ്രതികരണം കേരളത്തില്‍ ഉണ്ടായില്ല,” മാധവന് പറഞ്ഞു.
എമ്പുരാന് ഗുജറാത്ത് കലാപത്തെ തിരിച്ചുപറഞ്ഞതാണ് അതിന്റെ വിജയമെന്നും, അതിനെയാണ് സംഘപരിവാര്‍ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇത് ചരിത്രത്തില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ട ഒന്നാണ്. ഗുജറാത്ത് കലാപം എന്താണെന്ന് ഇന്നത്തെ യുവാക്കള്‍ക്ക് അറിയില്ല. അതിനാല്‍ തന്നെ, ഇത് ഓര്‍മിപ്പിക്കുന്ന സിനിമയെ വിമര്‍ശിക്കുമ്പോള്‍ തെരുവിലിറങ്ങിയാല്‍ ആളുകള്‍ ആ ചരിത്രം തിരിച്ച് ഓര്‍മിക്കുമെന്ന ഭയമാണ് സംഘപരിവാറിന്,” മാധവന് പറഞ്ഞു.