“നിവിൻ പോളിയുടെ പരാതി വ്യാജം”; പ്രതികരിച്ച് നിർമ്മാതാവ് പി.എ. ഷംനാസ്

','

' ); } ?>

നടൻ നിവിൻ പോളി തനിക്കെതിരെ നൽകിയ പരാതി വ്യാജമാണെന്നാരോപിച്ച് നിർമാതാവ് പി.എ. ഷംനാസ് രംഗത്ത്. നിവിൻ പോളിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തതുകൊണ്ടാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് ഷംനാസ് വ്യക്തമാക്കുന്നത്. മാത്രഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷംനാസ്.

“കേരള ഫിലിം ചേംബറിൽ വ്യാജ കത്ത് നൽകിയെന്നാണ് നിവിൻ പോളി ആരോപിക്കുന്നത്. അത് ഇല്ലാത്ത കാര്യമാണ്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ അവകാശം ഷിബു തെക്കുംപുറം എന്ന് പറയുന്ന വ്യക്തിക്കായിരുന്നു. അദ്ദേഹം ഇത് എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിനാണ് കൊടുത്തത്. അവരിൽ നിന്നുമാണ് ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന തന്റെ കമ്പനിയുടെ പേരിലേക്ക് ചിത്രം മാറ്റിയിരിക്കുന്നത്. അതിന്റെ പേപ്പറുകളെല്ലാം കേരള ഫിലിം ചേംബറിൽ കൊടുത്തിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ചേംബറിൽ സിനിമ തന്റെ പേരിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് രജിസ്റ്റർ ചെയ്യുന്നതിനായി നിവിൻ പോളിയുടെയോ പോളി ജൂനിയറിന്റെയോ യാതൊരു ലെറ്ററുകളുടേയും ആവശ്യമില്ല”.ഷംനാസ് വ്യക്തമാക്കി.

നിവിൻ പോളി ഈ സിനിമക്ക് അഭിനയിക്കാൻ തയാറാണെന്ന് വ്യക്തമാക്കുന്ന ഒരു ലെറ്റർ മാത്രമാണ് നൽകേണ്ടത്. അത് സാധാരണ എല്ലാ പ്രധാനപ്പെട്ട താരങ്ങളും നൽകുന്നതാണ്. ഇത് പ്രകാരം നിവിൻ പോളി ഏപ്രിൽ 14മുതൽ ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ഭാ​ഗമായിട്ടുള്ള ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഷംനാസ് കൂട്ടിച്ചേർത്തു.

നടൻ നിവിൻ പോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാതാവ് പി എസ് ഷംനാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ വ്യാജ ഒപ്പിട്ട് സ്വന്തമാക്കി എന്നാണ് നിവിൻ പോളിയുടെ പരാതി. പാലാരിവട്ടം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും നിവിൻ പോളി പരാതി നല്കിയിട്ടുണ്ടായിരുന്നു. എബ്രിഡ് ഷൈൻ, ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ അവകാശങ്ങൾ നിവിൻ പോളിയുടെ നിർമ്മാണ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഈ രേഖകൾ മറച്ചുവച്ച് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കി എന്നാണ് പരാതിയിൽ പറയുന്നത്.

കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തന്‍റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ രേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

അതേസമയം നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവുകൂടിയായ ഷംനാസ് നിവിൻ പോളി, എബ്രിഡ് എന്നിവർക്കെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരുന്നു. ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിനായി തലയോലപ്പറമ്പ് പോലീസ് ഇരുവർക്കും നോട്ടീസും അയച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഷംനാസിനെതിരേ നിവിൻ പോളി പരാതി നൽകിയിരിക്കുന്നത്.

മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.എ. ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു 2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1 കോടി 90 ലക്ഷം പി.എ. ഷംനാസ് കൈമാറുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈനിന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പി.എ. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തന്നെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമായിരുന്നു ഷംനാസിന്റെ പരാതി.