നിവിൻ പോളിയുടെ പരാതി ; നിർമ്മാതാവ് ഷംനാസിനെതിരെ എഫ്ഐആർ

','

' ); } ?>

നടൻ നിവിൻ പോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാതാവ് പി എസ് ഷംനാസിനെതിരെ പോലീസ് കേസെടുത്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ വ്യാജ ഒപ്പിട്ട് സ്വന്തമാക്കി എന്നാണ് നിവിൻ പോളിയുടെ പരാതി. പാലാരിവട്ടം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും നിവിൻ പോളി പരാതി നൽകിയിട്ടുണ്ട്. എബ്രിഡ് ഷൈൻ, ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ അവകാശങ്ങൾ നിവിൻ പോളിയുടെ നിർമ്മാണ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഈ രേഖകൾ മറച്ചുവച്ച് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കി എന്നാണ് പരാതിയിൽ പറയുന്നത്.

കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തന്‍റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ രേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ്. നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ വഞ്ചന കുറ്റത്തിന് നേരത്തെ ഷംനാസ് കേസ് കൊടുത്തിരുന്നു. ഷംനാസിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷന്‍ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചിരുന്നു.

ഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരാമായിട്ടുള്ളത്. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍ എഴുതിയിട്ടുള്ളത്.

മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നും, ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നുമായിരുന്നു ഷംനാസിന്റെ പരാതി. നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടാവുകയും, ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഷംനാസ് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി രംഗത്തെത്തിയിരുന്നു. “ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഈ സംഭവം. അത് കൊണ്ട് തന്നെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാത്രവുമല്ല ഈ കേസ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മാധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഉണ്ടാക്കിയെടുത്തതാണ്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി”.നിവിന്‍ പോളി ഫേസ്ബുക്കിൽ കുറിച്ചു.