
ഇപ്പോൾ ഒരു സിനിമയുടെ വിജയവും പരാജയവുമൊന്നും തന്നെ ബാധിക്കാറില്ലെന്ന് നടൻ നിവിൻ പോളി. സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ വിജയമെന്ന് താൻ തിരിച്ചറിഞ്ഞെന്നും നിവിൻ പോളി പറഞ്ഞു. തന്റെ പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായി ഗോകുലം മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാൻ ആദ്യം വിചാരിച്ചിരുന്നത്, സിനിമയിൽ വന്ന് ഒരു അറിയപ്പെടുന്ന നടൻ ആയിക്കഴിഞ്ഞാൽ അതാണ് സക്സസ് എന്ന്. പിന്നെ കരുതി സാമ്പത്തികമായി നമ്മൾ നല്ല സുരക്ഷിതരായി കഴിഞ്ഞാൽ അതായിരിക്കും സക്സസ് എന്ന്. പക്ഷേ ഇപ്പോൾ മനസിലാക്കുന്നത് ഇതിനേക്കാളൊക്കെ ഉപരിയാണ് സന്തോഷവും സമാധാനവും എന്നാണ്.” നിവിൻ പോളി പറഞ്ഞു.
“അങ്ങനെയല്ല, എനിക്ക് തോന്നുന്നത് അതിനേക്കാൾ നമ്മൾ തേടേണ്ടതും ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കേണ്ടതും സമാധാനത്തിനും സന്തോഷത്തിനുമാണ്”. – നിവിൻ പറഞ്ഞു. ഇപ്പോൾ ഒരു സിനിമയുടെ വിജയമോ പരാജയമോ ഒന്നും എന്നെ ബാധിക്കാറില്ല.
നേരത്തെ ഒരു പടം ചെയ്ത് കഴിഞ്ഞാൽ ഭയങ്കര ടെൻഷനായിരുന്നു. ഇത് ഓടുമോ ഓടില്ലേ എന്നൊക്കെ. ഇപ്പോൾ അങ്ങനെയൊരു സംഭവം തന്നെ കട്ടായി.”നിവിൻ കൂട്ടിച്ചേർത്തു.
അതേസമയം നിവിനെ പ്രധാന കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പ്രതിഛായ വ്യാഴാഴ്ച തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം ആദ്യ ദിവസം നേടി കൊണ്ടിരിക്കുന്നത്.