വഞ്ചനകേസ്; ഷംനാസുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിവിൻ പോളി

','

' ); } ?>

ആക്ഷന്‍ ഹീറോ ബിജുവിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട കേസി നിര്‍മാതാവ് ഷംനാസുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നടൻ നിവിൻ പോളി. വഞ്ചനാക്കുറ്റം ചുമത്തിയ കേസാണെന്നും അതിനാല്‍ ചര്‍ച്ച നടത്തുന്നത് നിയമവിരുദ്ധമാണെന്നും നിവിൻ പോളി കോടതിയെ അറിയിച്ചു. കൂടാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥനേയും അറിയിക്കും.

ചിത്രത്തിന്റെ ടൈറ്റില്‍ അവകാശം സ്വന്തമാക്കാന്‍ ഷംനാസ് തന്റെ വ്യാജ ഒപ്പ് ചമച്ചുവെന്നാണ് നിവിന്‍ പോളിയുടെ പരാതി. നിവിന്‍ പോളിയ്ക്കും ഷംനാസിനും പുറമെ സംവിധായകന്‍ എബ്രിഡ് ഷൈനും ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണക്കമ്പനിയുടെ പേരിലായിരുന്നു. എന്നാല്‍ ഷംനാസ് ഇത് മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നും സിനിമയുടെ ടൈറ്റിലിന്മേലുള്ള അവകാശം നേടിയെടുത്തുവെന്നും അതിനായി വ്യാജരേഖയുണ്ടാക്കിയെന്നുമാണ് നിവിൻ പോളിയുടെ ആരോപണം.

അതേസമയം നിവിന്‍ പോളയുടെ പരാതി വ്യാജമാണെന്നും അങ്ങനൊരു കത്ത് നല്‍കിയിട്ടില്ലെന്നുമാണ് ഷംനാസിന്റെ വാദം. നിവിന്റെ പരാതിയിന്മേല്‍ ഷംനാസിനെതിരെ നടപടിയെടുക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ഷംനാസും നിവിനും തമ്മില്‍ രണ്ട് കേസുകളുണ്ട്. രണ്ട് കേസും മധ്യസ്ഥതയിലൂടെ പരിഹരിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇതിനായി മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് നിവിൻ തന്റെ ഭാഗം വ്യക്തമാക്കിയത്.

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു 2016 ലാണ് പുറത്തിറങ്ങിയത്. നിവിനും എബ്രിഡ് ഷൈനും ഷിബു തെക്കുമ്പുറവും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മാണം. അനു ഇമ്മാനുവല്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.