
ആരാധകന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടൻ നിവിന്‍ പോളി. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗമായ അതുല്‍ പി എന്ന യുവാവിന്റെ മരണത്തിലാണ് താരം ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്നും, ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും നിവിന്‍ പോളി കുറിച്ചു.
”പ്രിയപ്പെട്ട അതുലിന് ആദരാഞ്ജലികള്‍. ഫാന്‍സ് അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്ന അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. എന്റെ ഓരോ സിനിമയ്ക്കും പിന്നില്‍ അതുലിനെപോലെ ആത്മാര്‍ത്ഥമായി കൂടെ നില്‍ക്കുന്നവരുടെ സ്‌നേഹമുണ്ട്. ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടും. അതുലിന്റെ വിയോഗത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഞാനും പങ്കുചേരുന്നു.” നിവിന്‍ പോളി കുറിച്ചു.
ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രിതഛായയാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഗിരീഷ് എഡിയൊരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് അടക്കം നിരവധി സിനിമകള്‍ നിവിന്റേതായി അണിയറയിലുണ്ട്. ബേബി ഗേള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.