വിമര്‍ശകരുടെ വായടപ്പിച്ച് നിത്യ മേനോന്‍

കേരളം നേരിട്ട പ്രളയ ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാതെ റിലീസിനൊരുങ്ങുന്ന തന്റെ ബോളിവുഡ് ചിത്രമായ ‘മിഷന്‍ മംഗള്‍’ന്റെ പ്രചാരണപരിപാടികളില്‍ സജീവമായതിന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍. മിഷന്‍ മംഗളിന്റെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെയാണ് ചിലര്‍ നിത്യ പ്രളയബാധിതര്‍ക്കായ് ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവുമായി എത്തിയത്.

എന്നാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ആളല്ല താനെന്നും അങ്ങനെ ചെയ്യുന്നില്ല എന്നതിനര്‍ത്ഥം ഒന്നും ചെയ്യാതെ ഇരിക്കുകയല്ലെന്നും നിത്യ പ്രതികരിക്കുന്നു. ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ നിത്യ പറയുന്നു. പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതിലും അധികമായിത്തുടങ്ങിയതു കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നിത്യ വീഡിയോ തുടങ്ങുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ ഊഹിച്ചെടുക്കരുത്. കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കെന്റേതായ രീതികളുണ്ട്. ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നു കരുതി ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല. എന്തെങ്കിലും സംഭവിക്കുമ്പോള്‍ അത് ഭയങ്കര ദുഖകരമായിരുന്നു എന്ന് ഒരു പോസ്റ്റ് ഇട്ടതിന് ശേഷം ജീവിതത്തിലെ മറ്റ് കാര്യങ്ങളുമായി മുന്നോട്ട് നീങ്ങാം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍’എന്ന് നിത്യ പറയുന്നു. സിനിമ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും നിത്യാ കൂട്ടിച്ചേര്‍ത്തു

വിമര്‍ശിക്കുന്നവര്‍ ഒരിക്കലെങ്കിലും സ്വയം ഞാന്‍ എന്ത് ചെയ്തു എന്ന് ചോദിക്കണമെന്നും ആ ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ പിന്നീടൊരിക്കലും ഇങ്ങനൊരു വിമര്‍ശനം ഉന്നയിക്കില്ലെന്നും പറഞ്ഞാണ് നിത്യ വീഡിയോ അവസാനിപ്പിക്കുന്നത്.